ഓരോ ഡിസംബറും മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങളുടെ വിളവെടുപ്പ് കാലമാണ്. 2009 ഉം നഷ്ടകണക്കുകളുടെ ആ ഫ്രെയിം മാറ്റി വരയ്ക്കുന്നില്ല. എങ്കിലും കേരള കഫേയും പാസഞ്ചറും പത്താം നിലയിലെ തീവണ്ടിയുമെല്ലാം കൊളുത്തിവെച്ചത് പ്രതീക്ഷയുടെ ചില തിരിവെട്ടങ്ങളാണ്. തിരക്കഥയില്‍ ഇല്ലാത്ത വിവാദങ്ങളും വിയോഗങ്ങളും സംഭാഷണങ്ങളും നിറഞ്ഞ സിനിമാവര്‍ഷമാണ് പ്രേക്ഷകനോട് വിട പറയുന്നത്. സൂപ്പര്‍താര വൃത്തത്തിന് പുറത്തു കടക്കാനായില്ലെങ്കിലും സൂപ്പര്‍ താരങ്ങളിലെ നടന വൈഭവം പുറത്തെടുക്കുന്ന ചില കഥാപാത്രങ്ങളെയെങ്കിലും സമ്മാനിക്കാന്‍ ബ്ലെസ്സിയെയും രഞ്ജിത്തിനെയും പോലെയുള്ള സംവിധായകര്‍ക്കായെന്നത് പ്രേക്ഷകന് ആശ്വാസത്തിന് വകനല്‍കുന്നു.
ക്രിസ്മസ് ചിത്രങ്ങള്‍ ഉള്‍പ്പെടെ 70 ചിത്രങ്ങളാണ് ഈ വര്‍ഷം പുറത്തിറങ്ങിയത്. 2008ല്‍ 61 ചിത്രങ്ങള്‍ മാത്രമായിരുന്നു. എണ്ണത്തിലുണ്ടായ ഈ നേരിയ വര്‍ധന ഗുണത്തിലും ചെറുതായി പ്രതിഫലിച്ചുവെന്ന് ചില ചിത്രങ്ങള്‍ കാണുമ്പോഴേങ്കിലും പ്രേക്ഷകന് തിരിച്ചറിയാനാവും.
രണ്ടേ രണ്ട് സുപ്പര്‍ ഹിറ്റുകള്‍ മാത്രമാണ് 2009 സമ്മാനിച്ചത്. ലാല്‍ സംവിധാനം ചെയ്ത ടു ഹരിഹര്‍ നഗറും ഹരിഹരന്‍-എം ടി-മമ്മൂട്ടി ടീമിന്‍റെ പഴശ്ശിരാജയും. ഇതില്‍ പഴശ്ശിരാജയെ സൂപ്പര്‍ ഹിറ്റെന്ന് വിശേഷിപ്പിക്കാമെങ്കിലും നിര്‍മാതാവിന് ലാഭം നേടിക്കൊടുത്തു എന്ന് പറയാനാവില്ല. 26 കോടി രൂപ ചെലവില്‍ നിര്‍മിച്ച സിനിമ ഇതുവരെ 18 കോടിയോളം രൂപ കളക്ട് ചെയ്തുവെന്നത് തന്നെ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പുതിയൊരു കാര്യമായിരുന്നു.
ഭാഗ്യദേവത, പാസഞ്ചര്‍, മകന്റെ അച്ഛന്‍, പുതിയ മുഖം, ഭ്രമരം, ഡ്യൂപ്ളിക്കേറ്റ്, ഇവര്‍ വിവാഹിതരായാല്‍ തുടങ്ങിയ ചിത്രങ്ങളെ ഹിറ്റുകളെന്ന് വിശേഷിപ്പിക്കാം. എന്തായാലും നിര്‍മാതാവിന് വലിയ ലാഭം നേടിക്കൊടുത്തില്ലെങ്കിലും കൈ പൊള്ളിയില്ലെന്ന ആശ്വാസം ഈ ചിത്രങ്ങള്‍ നല്‍കി.
മറ്റൊരു സൂപ്പര്‍ താരമായ സുരേഷ് ഗോപിയുടെ ഹയ്‌ലേസ, ഐജി, ഭൂമിമലയാളം, ബ്ളാക് ഡാലിയ, കാഞ്ചീപുരത്തെ കല്യാണം, വൈരം തുടങ്ങി ചിത്രങ്ങളും നഷ്ടക്കണക്കിലാണ് ഇടം നേടിയത്. ഒറ്റ ഹിറ്റ് പോലുമില്ലാതെയാണ് സുരേഷ് ഗോപി 2009നോട് വിടപറയുന്നത്.
നല്ല സംവിധായകരുടെ പിന്തുണ ഉണ്ടായിട്ടും മറ്റൊരു വിജയനായകനായ ദിലീപിന്‍റെ സ്ഥിതിയും വ്യത്യസ്തമായില്ല. കളേഴ്സ്, മോസ് ആന്‍ഡ് ക്യാറ്റ്, സ്വലേ തുടങ്ങിയ ദിലീപ് സിനിമകള്‍ പ്രേക്ഷകനില്‍ ചിരി ഉണര്‍ത്താതെ തിയറ്റര്‍ വിട്ടു. ജയറാമിന് സത്യന്‍ അന്തിക്കാടിന്‍റെ ഭാഗ്യദേവത തുണയായെങ്കിലും സമസ്തകേരളം പിഒ, വിന്റര്‍, രഹസ്യ പോലീസ്, കാണാകണ്‍മണി, സീതാകല്യാണം, മൈ ബിഗ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളിലൊന്നും പ്രേക്ഷകരെ പിടിച്ചിരുത്താനായില്ല.
യുവ സൂപ്പര്‍താരം പൃഥ്വീരാജിന് പുതിയ പരിവേഷം നല്‍കാന്‍ ദീപന്‍റെ പുതിയ മുഖത്തിന് കഴിഞ്ഞു. എങ്കിലും ജോഷിയെപ്പോലൊരു സംവിധായകന്‍റെ പിന്തുണ ഉണ്ടായിട്ടും റോബിന്‍ഹുഡിനെ പ്രേക്ഷകര്‍ കൈയ്യൊഴിഞ്ഞു. നമ്മള്‍ തമ്മില്‍, കലണ്ടര്‍ എന്നീ പൃഥ്വി ചിത്രങ്ങളെയും പ്രേക്ഷകര്‍ നിര്‍ദയം കൈയ്യൊഴിഞ്ഞു.
ജയസൂര്യയാണ് 2009ല്‍ പ്രേക്ഷകരെ കുറ്ച്ചെങ്കിലും ചിരിപ്പിച്ച താരം. ദിലീപും ജയറാമും ഒഴിച്ചിട്ട ഇടത്തിലേക്ക് സമര്‍ത്ഥമായി കയറി ഇരുന്ന ജയസൂര്യ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ മനസിലിടം നേടി. എങ്കിലും ഈ ചിത്രം നല്‍കിയ പ്രതീക്ഷ കാക്കാന്‍ തുടര്‍ന്നുള്ള ചിത്രങ്ങളില്‍ ജയസൂര്യക്കായില്ല. ആയിരത്തില്‍ ഒരുവന്‍, മലയാളി, കഥ പറയും തെരുവോരം, ബ്ളാക് സ്റ്റാലിയന്‍ തുടങ്ങിയ സിനിമകള്‍ കലാഭവന്‍ മണിയ്ക്കും നേട്ടമുണ്ടാക്കിയില്ല.
ഏറ്റവുമധികം പുതുമുഖ സംവിധായകര്‍ രംഗത്തെത്തിയ വര്‍ഷം കുടിയായിരുന്നു 2009. ഇരുപതോളം പുതുമുഖ സംവിധായകരാണ് മലയാളി പ്രേക്ഷകര്‍ക്ക് പുത്തന്‍ കാഴ്ചകളുമായി ഈ വര്‍ഷം അരങ്ങേറിയത്.
ഷിബു പ്രഭാകര്‍ (ഡ്യൂപ്ളിക്കേറ്റ്), പ്രശാന്ത് മമ്പിള്ളി (ഭഗവാന്‍), രഞ്ജിത് ശങ്കര്‍ (പാസഞ്ചര്‍), പി.സുകുമാര്‍ (സ്വലേ), മഹേഷ് (കലണ്ടര്‍), സജി സുരേന്ദ്രന്‍ (ഇവര്‍ വിവാഹിതരായാല്‍), ആഷിഖ് അബു (ഡാഡി കൂള്‍), വിശ്വനാഥന്‍ (ഡോക്ടര്‍ പേഷ്യന്റ്), മധു കൈതപ്രം (മധ്യവേനല്‍), സ്വാതി ഭാസ്കര്‍ (കറന്‍സി), അരുണ്‍ ഭാസ്കര്‍ (പറയാന്‍ മറന്നത്), ജയരാജ് വിജയ് (ശുദ്ധരില്‍ ശുദ്ധന്‍), രമാകാന്ത് സഞ്ജു (ഉത്തരാസ്വയംവരം), മഹേഷ് പി.ശ്രീനിവാസന്‍ (മൈ ബിഗ് ഫാദര്‍), സോഹന്‍ലാല്‍ (ഓര്‍ക്കുക വല്ലപ്പോഴും), പ്രസാദ് വേളാച്ചേരി (പെരുമാള്‍),ശങ്കര്‍ പണിക്കര്‍ (കേരളോല്‍സവം 2009),ബാബുരാജ് (ബ്ളാക് ഡാലിയ), സി.എസ്.സുധീഷ് (മലയാളി), പ്രഭാകരന്‍ മുത്തന (ഫിഡില്‍), ബിനോയ് (അച്ഛനും അമ്മയും ചിരിക്കുമ്പോള്‍), എന്നിവരാണ് 2009ലെ പുതിയ സംവിധായക മുഖങ്ങള്‍.
മലയാളത്തില്‍ വീണ്ടും നായികാവസന്തം വിരിയുന്നതിനും 2009 സാക്‍ഷ്യം വഹിച്ചു. നീലത്താമരയിലൂടെ നായിക അര്‍ച്ചന കവി, ഋതുവിലൂടേ റീമ കല്ലിങ്കല്‍, ഡാഡി കൂളിലൂടെ റിച്ചാ പാലോട്, ഡ്യൂപ്ളിക്കേറ്റിലൂടെ രൂപശ്രീ, പാലേരി മാണിക്യത്തിലൂടെ ഗൌരി തുടങ്ങി അരഡസന്‍ നായികമാരാണ് മലയാളത്തില്‍ അരങ്ങേറിയത്. ക്രിസ്മസ് ചിത്രങ്ങളില്‍ രണ്ട് സൂപ്പര്‍താരങ്ങളുടെയും നായികയായ ലക്ഷ്മി റായ് ആണ് അന്യഭാഷാ നായികമാരില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ഗോപിക സ്വലേയിലൂടെ തിരിച്ചെത്തിയപ്പോള്‍ കാവ്യ മാധവന്‍ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്.
2009ലെ മലയാള സിനിമയുടെ നഷ്ടക്കണക്കുകളേക്കാള്‍ പ്രേക്ഷകനെ വേദനിപ്പിക്കുന്നത് ഇനിയൊരിക്കലും വീണ്ടെടുപ്പില്ലാത്ത ചില വ്യക്തികളുടെ നഷ്ടങ്ങളാണ്. നടനായിരുന്നെങ്കിലും കഥാപാത്രങ്ങളില്‍ തനി നാടനായിരുന്ന മുരളി, ഭാവാഭിനയത്തിന്‍റെ ഇന്ദ്രജാലവുമായി പ്രേക്ഷരെ വിസ്മയിപ്പിച്ച രാജന്‍ പി ദേവ്, ജീവിതത്തെ അതുപോലെ സിനിമയിലേക്ക് വിവര്‍ത്തനം ചെയ്ത് മലയാളി ഹൃദയങ്ങളെ ആര്‍ദ്രമാക്കിയ പ്രിയ തിരക്കഥാകാരന്‍ എ കെ ലോഹിതദാസ്, നാട്യങ്ങളില്ലാത്ത അഭിനയവുമായി മലയാള സിനിമയിലും നാടകത്തിലും അരനൂറ്റാണ്ട്കാലം നിറഞ്ഞു നിന്ന അടൂര്‍ ഭവാനി ഈ നഷ്ടങ്ങളെല്ലാം മലയാളി എങ്ങിനെ നികത്തും.
www.keralites. |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net