[www.keralites.net] Saniya Maniya

 

Sunday, April 4, 2010
മെയിനോമായ് എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് മാനിയ എന്ന വാക്കുണ്ടായത്. പെട്ടെന്ന് ദേഷ്യപ്പെടുക, കോപാകുലനാവുക എന്നൊക്കെയാണ് ആ പദത്തിന്റെ അര്‍ഥം. ചില മനോവൈകല്യങ്ങളുടെ ലക്ഷണമായി കാണുന്ന പെരുമാറ്റരീതികള്‍. ഹിപ്പോമാനിയ, മോണോ മാനിയ, സോഷ്യല്‍ മാനിയ, പൈറോ മാനിയ തുടങ്ങി മനഃശാസ്ത്രത്തില്‍ പലതരം മാനിയകള്‍ ഉണ്ട്. വട്ട് കൂടുന്നതിനനുസരിച്ച് പല പേരുള്ള വകഭേദങ്ങള്‍. അഞ്ചെട്ടു കൊല്ലമായി ഇന്ത്യയില്‍ കണ്ടുവരുന്ന ഒരുതരം മാനിയയാണ് സാനിയ മാനിയ. സാധാരണ മനോരോഗങ്ങള്‍പോലെ അത്ര നിരുപദ്രവകരമാണെന്നു പറയുക വയ്യ. പടര്‍ന്നു പിടിച്ചാല്‍ അത് ചെറുതല്ലാത്ത പ്രശ്നങ്ങള്‍ക്കിടയാക്കും. ആളും തരവും നോക്കാതെ പടര്‍ന്നു പിടിക്കും എന്നതാണ് ഈ മാനിയയുടെ മുഖ്യസവിശേഷത. നോക്കൂ, ഇപ്പോള്‍ മറാത്ത ടൈഗര്‍ക്കാണ് അത് പകര്‍ന്നിരിക്കുന്നത്. ബാല്‍ കേശവ് താക്കറെക്ക് ഇപ്പോള്‍ 84 വയസ്സുകഴിഞ്ഞു. 24കാരിയായ ടെന്നിസ് താരം പാക് ക്രിക്കറ്റര്‍ ശുഐബ് മാലികിനെ കെട്ടാനൊരുങ്ങുന്നതാണ് കടുവയെ വിറളി പിടിപ്പിച്ചിരിക്കുന്നത്. മുംബൈയില്‍ പലതരം മാനിയകള്‍ പടര്‍ത്തിയ ടൈഗര്‍ ഇപ്പോള്‍ സാനിയ മാനിയ ഒരു പകര്‍ച്ചവ്യാധിയായി മാറ്റാനുള്ള യത്നത്തിലാണ്.

കടുവക്ക് കലശലായ മാനിയ വര്‍ഗീയതയാണ്. അതിന് രാജ്യസ്നേഹത്തിന്റെ നിറം പുരട്ടി മാത്രമേ പുറത്തു കാണിക്കൂ എന്നു മാത്രം. ഇന്ത്യയുടെ ഹൃദയം പാകിസ്താനിക്കുകൊടുത്തു എന്നതിലാണ് വന്ദ്യവയോധികന്റെ വിഷമം. ഇന്ത്യയോട് കൂറുണ്ടായിരുന്നെങ്കില്‍ സാനിയ പാകിസ്താനിയെ വരനായി സ്വീകരിക്കുമായിരുന്നില്ല. സാനിയ ഇനി ഇന്ത്യക്കാരിയല്ല. ഇനി ഇന്ത്യക്കായി ടെന്നിസ് കളിക്കണമെങ്കില്‍ സാനിയ ഇന്ത്യക്കാരനെ വരിക്കട്ടെ എന്നൊക്കെയാണ് മറാത്ത കടുവ മുരളുന്നത്. കടുവയെ പോലെ തന്നെ ഇന്ത്യയുടെ ഹൃദയം പാകിസ്താനു കൊടുത്തതറിഞ്ഞ് നെഞ്ചുനീറിക്കഴിയുന്ന ആയിരങ്ങള്‍ ഇന്ത്യയിലുണ്ട്. ഇങ്ങനെ രാജ്യങ്ങള്‍ തമ്മില്‍ ഹൃദയങ്ങള്‍ കൈമാറാന്‍ തുടങ്ങിയാല്‍ എന്തു ചെയ്യും? ഇന്ത്യയുടെ ഹൃദയരഹസ്യം പാകിസ്താന്‍ അറിഞ്ഞുകഴിഞ്ഞാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് കടുവയോളം പിടിപാടുള്ള മറ്റാരുണ്ട്? രാജീവ് ഗാന്ധി ഇറ്റലിയെ കീഴടക്കാന്‍ വേണ്ടിയാണ് സോണിയയെ പരിണയിച്ചത് എന്ന് ചരിത്രം പറയുന്നു. ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്ന ഉഴവൂര്‍ക്കാരന്‍ കോച്ചേരില്‍ രാമന്‍ നാരായണന്‍ മാ ടിന്റ് ടിന്റ് എന്ന ബര്‍മക്കാരിയെ കെട്ടിയത് അവിടത്തെ നയതന്ത്രരഹസ്യങ്ങള്‍ ചോര്‍ത്താനായിരുന്നുവെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ലൌ ജിഹാദ് എന്ന സംജ്ഞ കണ്ടെത്തിയ ഭാവനാസമ്പന്നരായ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ബാല്‍ താക്കറെ മുന്നോട്ടുവെച്ച ഹൃദയക്കൈമാറ്റ തിയറിയിലെ സെക്യൂരിറ്റി റിസ്കിനെപ്പറ്റി ലേഖനപരമ്പര തുടങ്ങാന്‍ അമാന്തം കാട്ടുന്നത് എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.

ടെന്നിസ് കോര്‍ട്ടില്‍ കാമറയുമായി മലര്‍ന്നു കിടന്ന മാധ്യമങ്ങള്‍ക്കു പിടിപെട്ടത് മറ്റൊരു മാനിയയായിരുന്നു. കടുവ മുരണ്ടു പറഞ്ഞതുപോലെ സാനിയയുടെ കളിമികവായിരുന്നില്ല അവരുടെ മനോവൈകല്യത്തിന് കാരണം. ഇറുകിപ്പിടിച്ച വസ്ത്രങ്ങള്‍ തന്നെയായിരുന്നു. മൂടിപ്പുതച്ച് ടെന്നിസ് കളിക്കാനാവില്ലെന്ന ന്യായം ഒളിക്കണ്ണുള്ള കാമറകള്‍ക്ക് വിരുന്നായി. അങ്ങനെയാണ് ഒരു താരം പിറന്നത്. കുഞ്ഞുപ്രായത്തിലേ കളിക്കളത്തില്‍ നേട്ടങ്ങള്‍ കൊയ്ത കൊച്ചുപെണ്‍കുട്ടിയുടെ കഴിവ് അധികമാരും കണ്ടില്ല. കോര്‍ട്ടിലെ താരമായതു മുതല്‍ കാമറകള്‍ പിന്നാലെയുണ്ട്. ടെന്നിസ് അല്ലാത്ത കാരണങ്ങള്‍ കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. പ്രത്യേകിച്ചും കല്യാണ വാര്‍ത്തകള്‍. പ്രണയ പരവശനായി മുഹമ്മദ് അശ്റഫ് എന്ന മലയാളി ബന്‍ജാര ഹില്‍സിലെ വീട്ടില്‍ ചെന്നു. പൊലീസ് പിടിയിലായി. സാനിയ ഭാര്യയാണെന്നു കാണിച്ച് വിജയനഗരം ജില്ലയില്‍ ഒരാള്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡ് സ്വന്തമാക്കി. ജീവിതത്തിന്റെ കോര്‍ട്ടില്‍ സാനിയ^സുഹ്റാബ് മിക്സഡ് ഡബിള്‍സ് ടീമിന് പരാജയം നേരിടേണ്ടിവന്നതും വാര്‍ത്തയായി. ആഡംബരത്തോടെയാണ് മുഹമ്മദ് സുഹ്റാബുമായുള്ള വിവാഹനിശ്ചയം നടന്നത്. 20 ലക്ഷം രൂപയുടെ ഘാഗ്ര ചോളിയാണ് അന്ന് അണിഞ്ഞത്. നിശ്ചയം കഴിഞ്ഞുള്ള ദിവസങ്ങളില്‍ ഒത്തുപോവാനാവാതിരുന്നതിനാല്‍ ഇരുവരും വേര്‍പിരിഞ്ഞു. അതു കഴിഞ്ഞിട്ടിപ്പോള്‍ രണ്ടു മാസമായതേയുള്ളൂ. അപ്പോഴേക്കും മറ്റൊരാളെ കണ്ടുപിടിച്ചു. മുന്‍ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശുഐബ് മാലിക്. ആറുമാസമായി പ്രണയത്തിലായിരുന്നുവെന്ന് വാര്‍ത്തകള്‍. സുഹ്റാബിനെ കൈവിടാനുള്ള തീരുമാനം ഈ ബന്ധമാണെന്ന് അഭ്യൂഹങ്ങള്‍. അതിനിടെ ശുഐബ് മാലിക് നേരത്തെ തന്നെ വിവാഹം ചെയ്തിരുന്നുവെന്ന അവകാശവാദവുമായി ഹൈദരാബാദ് സ്വദേശി ആയിഷ സിദ്ദീഖി രംഗത്തുവന്നത് വിവാദമായി. തടിച്ചിയായതുകൊണ്ട് തന്നെ അവഗണിക്കുകയായിരുന്നു മാലിക് എന്ന് ആയിഷ. എന്നാല്‍ പ്രതിശ്രുതവരന് പിന്തുണയുമായി സാനിയ രംഗത്തുണ്ട് ഇപ്പോള്‍. സ്റ്റെഫി ഗ്രാഫ് ആണ് റോള്‍ മോഡല്‍. മൈക്കേല്‍ ബാര്‍ട്ടല്‍സിനു ശേഷമാണ് സ്റ്റെഫി ആന്ദ്രെ അഗാസിയെ കണ്ടെത്തുന്നത്.

1986 നവംബര്‍ 15ന് മുംബൈയില്‍ ജനനം. പിതാവ് സ്പോര്‍ട്സ് ജേണലിസ്റ്റ് ഇംറാന്‍ മിര്‍സ. മാതാവ് നസീമ. വളര്‍ന്നത് ഹൈദരാബാദില്‍. ആറാം വയസ്സില്‍ തുടങ്ങിയതാണ് ടെന്നിസ് കളി. ഹൈദരാബാദ് സെന്റ് മേരീസ് കോളജില്‍നിന്ന് ബിരുദം. പിതാവു തന്നെയായിരുന്നു ആദ്യപരിശീലകന്‍. കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റേതുമായ ഭൂതകാലമുണ്ട്. ചെലവേറിയ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടിയിട്ടുണ്ട്. പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ടു നേരിട്ടു. മാതാപിതാക്കള്‍ കരുത്തുമായി കൂടെനിന്നു. സ്റ്റെഫിഗ്രാഫിനെപ്പോലെയാവണമെന്ന അഞ്ചു വയസ്സുകാരിയുടെ ആഗ്രഹം ഒടുവില്‍ വിജയം കണ്ടു.അമൃത്രാജ് സഹോദരന്മാര്‍, ലിയാന്‍ഡര്‍ പേസ്, മഹേഷ് ഭൂപതി തുടങ്ങിയ പുരുഷ കളിക്കാരില്‍നിന്ന് വിഭിന്നമായി ഇന്ത്യന്‍ വനിതാ ടെന്നിസിന് ചരിത്രത്തില്‍ അധികം ഇടമില്ലായിരുന്നു. ആ ശൂന്യതയിലേക്കാണ് പ്രസരിപ്പുള്ള ഒരു പെണ്‍കുട്ടി വന്ന് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്നത്. ഗ്ലാമര്‍താരമായിരുന്ന അന്ന കുര്‍ണിക്കോവയുടെ ചുവടുകള്‍ പിന്തുടര്‍ന്ന് അഡിഡാസിന്റെ ഇത്തിരിപ്പോന്ന വസ്ത്രങ്ങളില്‍ കോര്‍ട്ടില്‍ പറന്നുകളിച്ച ചിത്രശലഭം ആ റഷ്യന്‍ കളിക്കാരിയുടെ ഇന്ത്യന്‍ പതിപ്പായി.

പൊടുന്നനെയാണ് പ്രശസ്തിയുടെ കൊടുമുടികള്‍ കീഴടക്കിയത്. ചെറുപ്രായത്തില്‍ ജൂനിയര്‍ വിംബിള്‍ഡന്‍ ഡബിള്‍സ് ചാമ്പ്യനായി. 18 വയസ്സു പിന്നിടുന്നതിനു മുമ്പുതന്നെ ഇന്ത്യന്‍ കായികരംഗത്തെ സൂപ്പര്‍താരമായി. 2005ല്‍ ആസ്ത്രേലിയന്‍ ഓപണില്‍ കടന്നുകൂടിയത് വഴിത്തിരിവായി. അന്ന് മൂന്നാംറൌണ്ടിലെത്തി. അക്കൊല്ലംതന്നെ ആദ്യമായി യു.എസ് ഓപണിലെ നാലാം റൌണ്ടിലെത്തുക എന്ന നേട്ടവും കൈവരിച്ചു. ആ കുതിപ്പിലൂടെ ന്യൂയോര്‍ക്കിനെ സാനിയ മാനിയക്കു കീഴ്പ്പെടുത്തി. ലോകത്തെ രണ്ടാംനമ്പര്‍ താരത്തോട് പടവെട്ടുമ്പോള്‍ നാല്‍പതിലേറെ സ്ഥാനങ്ങള്‍ക്കു പിറകിലായിരുന്നു. മരിയ ഷറപ്പോവയുടെ മുന്നില്‍ മുട്ടുകുത്തിയെങ്കിലും മൂക്കുത്തിയിട്ട ഇന്ത്യന്‍ പെണ്‍കുട്ടി അവിടെ താരമായി. മികച്ച റിട്ടേണുകളും ഗ്രൌണ്ട് സ്ട്രോക്കുകളും കൊണ്ട് നിരൂപകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒരു ഇന്ത്യന്‍ ടെന്നിസ് താരത്തിന്റെ ഏറ്റവും മികച്ചനേട്ടമായിരുന്നു അത്. ലോകറാങ്കിങ്ങില്‍ പിന്നീട് 27ാം സ്ഥാനത്തെത്തി. പരസ്യക്കമ്പോളത്തില്‍ ദിവസങ്ങള്‍കൊണ്ട് വില കുതിച്ചുയര്‍ന്നു. പല ക്രിക്കറ്റ് താരങ്ങളെയും പിന്നിലാക്കി. കോടികളുടെ പരസ്യക്കരാറുകള്‍ തേടിയെത്തി. ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പലതും ഭേദിക്കാനാവാത്ത റെക്കോഡുകളായി. ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ബാങ്ക് ബാലന്‍സ് ഇപ്പോള്‍ ഈ പെണ്‍കുട്ടിക്ക് ഉണ്ട്. 2005ല്‍ കായിക ബഹുമതിയായ അര്‍ജുന അവാര്‍ഡു നേടി. 2006ല്‍ പത്മശ്രീ ലഭിച്ചു. 2008ലെ ബെയ്ജിങ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ പ്രതിനിധിയായി. അതേ വര്‍ഷം തന്നെ ചെന്നൈയിലെ എം.ജി.ആര്‍ യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. നീന്തലും പാട്ടുകേള്‍ക്കലുമാണ് ഇഷ്ട വിനോദങ്ങള്‍.

ലോകറാങ്കിങ്ങില്‍ 20നുള്ളില്‍ എത്തണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. പ്രശസ്തിയുടെ നെറുകയില്‍ നില്‍ക്കുമ്പോള്‍ വിവാദങ്ങള്‍ വിട്ടൊഴിയാതെ പിന്തുടരുകയാണ്. പ്രണയത്തിന്റെ മാനിയ മനസ്സിലേക്കു പടര്‍ന്നാല്‍ സാനിയ പിന്നെന്തു ചെയ്യും?

Madhyamam

--
muhammad

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Do More for Dogs Group. Connect with other dog owners who do more.


Welcome to Mom Connection! Share stories, news and more with moms like you.


Hobbies & Activities Zone: Find others who share your passions! Explore new interests.

.

__,_._,___