[www.keralites.net] സാനിയ ആരെ കെട്ടണം?

 

സാനിയ ആരെ കെട്ടണം?

Sunday, April 4, 2010
ദല്‍ഹി ഡയറി / എ.എസ്. സുരേഷ്കുമാര്‍

സാനിയ മിര്‍സ ആരെ കെട്ടണം? അത് സാനിയ തീരുമാനിക്കേണ്ട കാര്യമല്ല. നിക്കാഹ് ചെയ്യാന്‍ തീരുമാനിച്ച ശുഐബ് മാലികിനോ സാനിയയെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ക്കോ ഇക്കാര്യത്തില്‍ റോളില്ല. മുംബൈയില്‍ ഒരു പുലിമടയുണ്ട്. അതിനുള്ളില്‍ പ്രായംചെന്ന് പല്ലുകൊഴിഞ്ഞ് എല്ലും തോലുമായ ഒരു പുലിയുണ്ട്. ഉച്ചമയക്കത്തിലേക്കോ പാതിരാ മയക്കത്തിലേക്കോ വഴുതിവീണ ടിയാന്‍ ഉണരുന്നതും കാത്ത് വിവാഹംചെയ്യാന്‍ ഉദ്ദേശിക്കുന്നതാരോ അവര്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തുനില്‍ക്കുക തന്നെ. ബാലാസാഹിബ് താക്കറെക്ക് തോന്നുന്നത് സാനിയ ശുഐബിനെ കെട്ടരുതെന്നാണെങ്കില്‍, നിക്കാഹ് നടത്താന്‍ പറ്റില്ല; അത്രതന്നെ. വിരട്ടാന്‍ വരുന്നവരോട് കോഴിക്കോട്ടുകാര്‍ പറയുന്ന നാടന്‍ വര്‍ത്തമാനമാണ് ഇതിനൊക്കെ സിമ്പിളായ മറുപടി^ഒന്നു പോയോടു ചങ്ങായി. അതല്ലെങ്കില്‍ കാഷായമിട്ട യോഗാ സ്വാമി രാംദേവ് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാന്‍ തീരുമാനിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഉറക്കെപ്പറഞ്ഞ ലാലുപ്രസാദിനെപ്പോലെ പറയണം^ഓന് വട്ടാണ്. രണ്ടിലൊന്നു കേട്ടാല്‍ ചങ്ങാതി വാലും ചുരുട്ടി മാളത്തില്‍ തിരിച്ചു കയറും. കല്യാണവും നടക്കും. അതിനപ്പുറത്തെ പ്രാധാന്യം താക്കറെയുടെ വിരട്ടലിന് ഇല്ല; ഉണ്ടാകരുതാത്തതാണ്.

പക്ഷേ, സംഭവിക്കുന്നത് അതല്ല. ഇന്ത്യക്കാരിയായ സാനിയ മിര്‍സ പാകിസ്താനിയായ ശുഐബ് മാലികിനെ കെട്ടാന്‍ പാടില്ലെന്ന് താക്കറെ തന്റെ പത്രമായ സാമ്നയില്‍ എഴുതിവെച്ചപ്പോള്‍, തരിച്ചു നില്‍ക്കുന്നു ലോകം. ശരിക്കുമൊരു ഇന്ത്യക്കാരിയാണെങ്കില്‍ സാനിയക്ക് ശത്രുരാജ്യമായ പാകിസ്താനില്‍ നിന്നൊരാളെ വിവാഹം ചെയ്യാന്‍ കഴിയുമോ എന്ന് താക്കറെ ആക്രോശിക്കുന്നു. വ്യക്തമായ ചില കണക്കുകള്‍ മുന്നില്‍വെച്ചാണ് ചോദ്യം. ഇന്ത്യാ മഹാരാജ്യത്ത് 100^120 കോടി ജനങ്ങളുള്ളതില്‍ മുസ്ലിംകള്‍ ചുരുങ്ങിയത് 15 കോടി വരും. അവര്‍ക്കിടയില്‍ നിന്നൊരു പുരുഷനെയും പിടിക്കാതെ ഒരുമ്പെട്ടവള്‍ പാകിസ്താനിയെ ഇഷ്ടപ്പെടുകയോ? അതുകൊണ്ടും തീരാതെ, ഇനിയങ്ങോട്ടും ഇന്ത്യക്കുവേണ്ടി കളിക്കുമെന്നു പറയുന്നു. മനസ്സ് പാകിസ്താനില്‍, കാല് ഇന്ത്യയില്‍. അതൊന്നും നടപ്പുള്ള കാര്യമല്ലെന്ന് താക്കറെ പറഞ്ഞുവെച്ചിരിക്കുന്നു. വിവാഹം ഇന്ത്യയിലും പാകിസ്താനിലും നടത്താന്‍ കഴിയാതെ ദുബൈയിലേക്ക് വിവാഹവേദി മാറ്റാന്‍ ചെറുക്കന്റെയും പെണ്ണിന്റെയും രക്ഷിതാക്കള്‍ ആലോചിച്ചുപോകുന്നു. ഇതിനുവേണ്ടി വിവാഹം നീട്ടിവെക്കേണ്ടി വരുമോ എന്ന സ്ഥിതിവരുന്നു. ആരൊക്കെയോ പകര്‍ന്നു നല്‍കിയ മനോധൈര്യത്തില്‍ പിടിച്ചു നില്‍ക്കുന്നു.

ഇതൊക്കെ താക്കറെ എന്ന മതഭ്രാന്തന്‍ വിളിച്ചുപറയുമ്പോള്‍, രാജ്യത്തൊരു സര്‍ക്കാറുണ്ടെങ്കില്‍, സാന്നിധ്യമറിയിക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്ക് ഉണ്ടാകേണ്ടതാണ്. അവര്‍ ആശങ്കാപുരസ്സരം കടലാസുപുലിയെ ഉറ്റുനോക്കുകയാണ്. വര്‍ഗീയവിഷം പരത്തുന്നതും രാജ്യത്തിന് മാനക്കേട് വരുത്തിവെക്കുന്നതും കണ്ടുനില്‍ക്കാന്‍ ആര്‍ജവമുള്ള ഒരു സര്‍ക്കാറിന് കഴിയില്ല. പാകിസ്താനും ഇന്ത്യയും നല്ല നിലക്കല്ലാത്ത പ്രശ്നം സര്‍ക്കാറുകള്‍ കൈകാര്യം ചെയ്യേണ്ടതാണ്. വ്യക്തികള്‍ക്കോ ഏതെങ്കിലും നേതാക്കള്‍ക്കോ വിഷംപരത്തി കപട ദേശഭക്തി ഉണ്ടാക്കാനുള്ള ആയുധമാകാന്‍ പാടുള്ളതല്ല. നാട്ടില്‍ വിഷം പരത്തുന്നതിനുമപ്പുറത്തെ ദോഷം താക്കറെ പലവിധത്തില്‍ ഇതിനകം ചെയ്തുകഴിഞ്ഞു. അങ്ങനെയാണ് വിഖ്യാത ചിത്രകാരന്‍ എം.എഫ്. ഹുസൈന്‍ ഖത്തര്‍ പൌരത്വം സ്വീകരിച്ച് ഇന്ത്യന്‍ പാസ്പോര്‍ട്ട് തിരിച്ചുനല്‍കിയപ്പോള്‍ ഇന്ത്യയും അതിന്റെ യഥാര്‍ഥ സംസ്കാരവും നാണംകെട്ടു ചൂളിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നും ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ ഈറ്റില്ലമെന്നും സാംസ്കാരിക പാരമ്പര്യത്തിന്റെ കിളിക്കൂടെന്നുമൊക്കെ പറയാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ക്കു മുന്നില്‍ ഫാഷിസത്തിന്റെ തനതുരൂപം പുറത്തുകാട്ടി താക്കറെ മുംബൈയിലെ ദി ഗ്രേറ്റ് ഇന്ത്യന്‍ ഗേറ്റ്വേക്ക് താഴിട്ടു.

പൂട്ടിയ താഴ് അഴിപ്പിക്കാന്‍ ആരും ചെന്നില്ല. താക്കറെയും ശിവസേനക്കാരും കൂട്ടാളികളായ ബി.ജെ.പിക്കാരുമൊക്കെ ചേര്‍ന്ന് രൂപപ്പെടുത്തിയ 900 സിവില്‍^ക്രിമിനല്‍ കേസുകള്‍ക്ക് മുമ്പില്‍ വിദേശത്തേക്ക് വണ്ടികയറിയ എം.എഫ് ഹുസൈന്‍ ജീവിതത്തിന്റെ അന്തിനേരത്ത് മാതൃഭൂമിയില്‍ ആവിഷ്കാര സ്വാതന്ത്യ്രത്തിനും ആറടി മണ്ണിനും അവകാശിയല്ല. കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് ബോധ്യമുണ്ട്. സ്വകാര്യവ്യക്തികള്‍ നല്‍കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാറിനോട് പറയാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞ സുപ്രീംകോടതി, ഹുസൈന്‍ വിശ്വപൌരനാണെന്ന സമാശ്വാസത്തോടെ കൈമലര്‍ത്തി. ഒരു വിശ്വപൌരന് സ്വന്തം മണ്ണ് രചനാ സ്വാതന്ത്യ്രം നിഷേധിക്കുന്ന ഇടമായി ഇന്ത്യ തരംതാണു പോയെന്ന യാഥാര്‍ഥ്യം ജനാധിപത്യ^മതേതര വിശ്വാസികളെന്ന് അഭിമാനിക്കുന്ന നമ്മുടെ ഭരണ നേതാക്കള്‍ സൌകര്യപൂര്‍വം മറന്നുകളയുന്നു. ആരുടെ കാര്യത്തിലാണ് നാട്ടില്‍ നിയമമില്ലാതെ പോയത്? ഹുസൈന്റെ കാര്യത്തിലോ, താക്കറെയുടെ കാര്യത്തിലോ? ആരാണ് ഇവിടെ വാദി? ആരാണ് പ്രതി? ഏതായാലും പ്രതിനായകന്‍ താക്കറെ ചിരിക്കുന്നു.

ഹുസൈന്‍ ഇന്ത്യയില്‍ ജീവിക്കണമോ എന്നും സാനിയ മിര്‍സ പാകിസ്താനിയെ കെട്ടാന്‍ പാടുണ്ടോ എന്നും മാത്രമല്ല താക്കറെ തീരുമാനിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പാകിസ്താന്‍ താരങ്ങളെ പങ്കെടുപ്പിക്കുന്നതിനെക്കുറിച്ച് പറഞ്ഞ സിനിമാ നടന്‍ ഷാറൂഖ് ഖാനായിരുന്നു ഏതാനും ആഴ്ചകള്‍ക്ക് മുമ്പത്തെ ഇര. അരുതാത്തതെന്തോ പറഞ്ഞുപോയ അപരാധത്തിന് മാപ്പപേക്ഷിച്ചിട്ടാണോ ഷാറൂഖ് ഖാനോട് താക്കറെ ക്ഷമിച്ചതെന്ന കാര്യം പിന്നാമ്പുറക്കഥകള്‍ അറിയാത്തവര്‍ക്ക് അജ്ഞാതമാണ്. ഏതായാലും 'മൈ നെയിം ഈസ് ഖാന്‍' തിയറ്ററുകളില്‍ ഓടിക്കാതിരിക്കാന്‍ ശിവസേനക്കാര്‍ എല്ലാ പണിയുമെടുത്തു. മാനംപോകാതെ നോക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറും വിയര്‍ത്തു. അതിനു തൊട്ടുമുമ്പാണ് ആസ്ത്രേലിയന്‍ ക്രിക്കറ്റ് കളിക്കാര്‍ ഇന്ത്യയില്‍ കളിക്കേണ്ടെന്നുപറഞ്ഞ് താക്കറെ നാടു വിറപ്പിച്ചത്. ആസ്ത്രേലിയയില്‍ ഇന്ത്യക്കാര്‍ നേരിടുന്ന പീഡനങ്ങളുടെ പേരിലായിരുന്നു ഈ വിറപ്പിക്കല്‍. ഇന്ത്യക്കാര്‍ നേരിടുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ വിചാരിച്ചിട്ട് നടക്കുന്നില്ലെങ്കില്‍ തനിക്ക് ഇറങ്ങേണ്ടിവരുമെന്ന മട്ടില്‍ നിന്ന താക്കറെയുടെ കൃപാകടാക്ഷത്തിന് അഭ്യര്‍ഥിച്ച് പുലിമടയിലേക്ക് പോകാനും ഒരു കേന്ദ്രമന്ത്രിയുണ്ടായി. വിലക്കയറ്റം നിയന്ത്രിക്കാന്‍ പരാജയപ്പെട്ടു നില്‍ക്കുന്ന ശരത്പവാറിനെക്കുറിച്ച് ഓര്‍ത്ത് അഭിമാനംകൊള്ളാന്‍ നമുക്ക് അടുത്തകാലത്ത് അത്രയെങ്കിലും കിട്ടി! താക്കറെമാരെ വെച്ചുവാഴിക്കുന്നവര്‍ ആരെല്ലാമാണെന്നതിന് തെളിവും കിട്ടി.

താക്കറെയുടെ ജല്‍പനങ്ങളും ചെയ്തികളും ലോകമറിയുംവിധം വളര്‍ന്നവരെയും ലോകത്തിന് മുന്നില്‍ ഇന്ത്യയെയും മുറിപ്പെടുത്തുന്നുവെങ്കില്‍, ആ ഒറ്റക്കാരണം കൊണ്ടുതന്നെ, പ്രായാധിക്യത്തിന്റെ ആനുകൂല്യം നല്‍കാതെ കടലാസുപുലിയെ ചുരുട്ടിക്കെട്ടുന്നതിനുള്ള അവസരമാക്കി ഉപയോഗപ്പെടുത്തുകയാണ് ഒരു സര്‍ക്കാറും അതിനെ നയിക്കുന്ന പാര്‍ട്ടികളും ചെയ്യേണ്ടത്. ബി.ജെ.പിയും ശിവസേനക്കാരും ഭരിച്ച കാലത്ത് മതേതര ഇന്ത്യക്ക് വെന്തുനീറുന്ന മനസ്സോടെ പലതും നോക്കിനില്‍ക്കേണ്ടി വന്നിരിക്കാം. എല്ലാവരെയും ഉള്‍ക്കൊള്ളുന്നുവെന്നും മതേതര^ജനാധിപത്യ ഇന്ത്യക്കുവേണ്ടി നിലകൊള്ളുന്നുവെന്നും പറയുന്ന ഒരു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇത്തരം കടലാസു പുലികളുടെ അജണ്ടയും വിരട്ടലും നടന്നുപോകുന്നുവെന്ന് വരുന്നത് ചെറിയ കാര്യമല്ല. അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാവുന്ന വെറും പ്രസ്താവനകള്‍ മാത്രമല്ല താക്കറെയുടേത്. സാനിയ പാകിസ്താനിയെ കെട്ടാന്‍ പാടില്ലെന്ന് വരുന്നതും ഹുസൈന് ഖത്തര്‍ പൌരത്വം സ്വീകരിക്കേണ്ടി വരുന്നതുമായ സംഭവങ്ങള്‍ കാണിച്ചുതരുന്നതും അതുതന്നെ. അതില്‍നിന്ന് പാഠമുള്‍ക്കൊള്ളാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. അതിനുള്ള മനസ്സില്ലെങ്കില്‍ പിന്നെ ചെയ്യേണ്ടത് താക്കറെയെ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിക്കുകയാണ്. മോഡിയുടെ ഗുജറാത്തിന് അമിതാഭ് ബച്ചന്‍ അംബാസഡറാവുമ്പോലെ, ഇന്ത്യക്ക് ഉണ്ടാകട്ടെ ഒരു താക്കറെ പരിവേഷം! നിസ്സംഗതയേക്കാള്‍ ഭേദം അതുതന്നെ. എന്താ, ഫാഷിസത്തിനുമില്ലേ ഒരന്തസ്സ്?!

muhammad

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Do More for Dogs Group. Connect with other dog owners who do more.


Welcome to Mom Connection! Share stories, news and more with moms like you.


Hobbies & Activities Zone: Find others who share your passions! Explore new interests.

.

__,_._,___