[www.keralites.net] കര്‍ണനായി മമ്മൂട്ടി; സംവിധാനം ഹരിഹരന്‍!

 

കര്‍ണനായി മമ്മൂട്ടി; സംവിധാനം ഹരിഹരന്‍! വ്യാഴം,

ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ തുടങ്ങിയ ഐതിഹാസിക സിനിമകള്‍ക്ക് കൈകോര്‍ത്ത മമ്മൂട്ടിയും ഹരിഹരനും ഒരിക്കല്‍‌കൂടി ഒന്നിക്കുന്നു. സമുദ്രതുല്യമായ മഹാഭാരതകഥയിലെ ഒരു ഭാഗമാണ് മമ്മൂട്ടിയും ഹരിഹരനും കൈകോര്‍ക്കുന്ന സിനിമയ്ക്ക് പ്രമേയമാകുന്നത്. സൂര്യപുത്രനായിരുന്നിട്ടും സൂതപുത്രനായി ജീവിക്കേണ്ടിവന്ന, പഞ്ചപാണ്ഡവരുടെ ജ്യേഷ്ഠനായിട്ടും അവര്‍ക്കെതിരെ വാളെടുക്കേണ്ടി വന്ന ദുരന്തനായകനായ കര്‍ണന്റെ കഥയാണ് ഹരിഹരന്‍ പറയുന്നത്. കര്‍ണനെ അവതരിപ്പിക്കുന്നതാകട്ടെ, മമ്മൂട്ടിയും.

ഒരു വടക്കന്‍ വീരഗാഥയ്ക്കും പഴശ്ശിരാജയ്ക്കും ഹരിഹരന് വേണ്ടി തൂലിക ചലിപ്പിച്ചത് എം‌ടി വാസുദേവന്‍ നായരായിരുന്നു. എന്നാല്‍ കര്‍ണന്റെ തിരക്കഥ എഴുതുന്നത് എം‌ടി തന്നെയായിരിക്കുമോ എന്ന് അറിവായിട്ടില്ല. ബിഗ് ബജറ്റില്‍ തയ്യാറാകുന്ന ഈ ചിത്രം പഴശ്ശിരാജ നിര്‍മിച്ച ഗോകുലം ഗ്രൂപ്പായിരിക്കും നിര്‍‌മിക്കുക. ശ്രീകൃഷ്ണന്‍, യുധിഷ്ഠിരന്‍, ധുര്യോധനന്‍, ഭീമന്‍ തുടങ്ങി ഒട്ടനവധി ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങള്‍ മഹാഭാരതകഥയിലുണ്ട്. ഇവരെയൊക്കെ ആര് അഭിനയിക്കും എന്നും അറിവായിട്ടില്ല.

ഒട്ടേറെ നോവലുകള്‍ക്കും നാടകങ്ങള്‍ക്കും സിനിമകള്‍ക്കും പ്രമേയമായ കര്‍ണകഥ സിനിമയാക്കാന്‍ ഒരുങ്ങുമ്പോള്‍ കര്‍ണനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ മറ്റൊരാളില്ലെന്നാണ്‌ ഹരിഹരന്‍ പറയുന്നത്‌. മമ്മൂട്ടിയുടെ ആകാരസൌഷ്ഠവവും ശബ്ദഗാംഭീര്യവും സര്‍‌വോപരി അഭിനയപാടവവും കര്‍ണ കഥാപാത്രത്തെ മികവുറ്റതാക്കും എന്നും ഹരിഹരന്‍ കൂട്ടിച്ചേര്‍ക്കുന്നു. തിരക്കഥാകൃത്ത്‌, സാങ്കേതിക പ്രവര്‍ത്തകര്‍, മറ്റു അഭിനേതാക്കള്‍ തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഹരിഹരന്‍ വെളിപ്പെടുത്തുന്നു.

കാളിദാസന്റെ സമകാലികനായ ഭാസന്‍ രചിച്ച കര്‍ണഭാരം എന്ന നാടകം കാവാലം നാരായണപ്പണിക്കര്‍ മലയാളത്തില്‍ ആവിഷ്കരിച്ചപ്പോള്‍ മോഹന്‍ലാല്‍ ആയിരുന്നു നായക വേഷം കെട്ടിയത്. ഇപ്പോഴിതാ ലാലിന്റെ എക്കാലത്തെയും എതിരാളിയായ മമ്മൂട്ടി ഈ കഥാപാത്രത്തെ അഭ്രപാളികളില്‍ അവതരിപ്പിക്കുകയാണ്. മഹാഭാരതത്തിലെ കഥാപാത്രത്തെ ഇതിന് മുമ്പും മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി എം‌ടി എഴുതിയ രണ്ടാമൂഴം എന്ന നോവലിന്റെ നാടകാവിഷ്കാരത്തില്‍ മമ്മൂട്ടിയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.



മമ്മൂട്ടി സിപിഎം ജനറല്‍ സെക്രട്ടറിയാവുമോ?

മമ്മൂട്ടിയും സി പി എമ്മും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പാര്‍ട്ടി അംഗമല്ലെങ്കിലും അദ്ദേഹം പാര്‍ട്ടി അനുഭാവിയാണ്. ഇതിനുപുറമെ സി പി എമ്മിന്‍റെ നേതൃത്വത്തിലുള്ള കൈരളി ചാനലിന്‍റെ ഡയറക്ടറുമാണ്. ഇതൊക്കെയാണെങ്കിലും അദ്ദേഹത്തെ പിടിച്ച് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാക്കുക എന്നൊക്കെ പറഞ്ഞാല്‍ പിണറായി വിജയന്‍ പോലും ഒന്ന് നെറ്റി ചുളിയ്ക്കും.

ജീവിതത്തിലല്ലെങ്കിലും സിനിമയില്‍ മമ്മൂട്ടിയ്ക്ക് സി പി എം ജനറല്‍ സെക്രട്ടറിയാവാനുള്ള അവസരമൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വെറും ജനറല്‍ സെക്രട്ടറിയല്ല. പാര്‍ട്ടിയുടെ ആദ്യ ജനറല്‍ സെക്രട്ടറി തന്നെ. കയ്യൂര്‍ സമരത്തെ അധികരിച്ച് ബിജു വട്ടപ്പാറ സംവിധാനം ചെയ്യുന്ന 'കയ്യൂര്‍' എന്ന ചിത്രത്തിലാണ് മമ്മൂട്ടിയ്ക്കായി സി പി എമ്മിന്‍റെ ആദ്യ ജനറല്‍ സെക്രട്ടറിയായ പി സി ജോഷിയുടെ വേഷം കാത്തിരിക്കുന്നത്.

താരം ഈ വേഷം സ്വീകരിക്കുമോ എന്ന് സംവിധായകനും വലിയ നിശ്ചയമില്ല. എന്തായാലും പി സി ജോഷിയുടെ വേഷം ചെയ്യാനായി മമ്മൂട്ടിയെ സമീപിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍, പള്ളിക്കല്‍ അബൂബക്കര്‍, പൊടോര കുഞ്ഞമ്പു നായര്‍ എന്നിവരിലൂടെ കയ്യൂരിന്‍റെയും കേരളത്തിലെ സ്വാതന്ത്ര്യസമര കാലഘട്ടത്തിന്‍റെയും കഥയാണു ചിത്രം പറയുന്നത്.

ഇവര്‍ക്ക് പുറമെ എ കെ ജി, പി സി ജോഷി, പി കൃഷ്ണപിള്ള തുടങ്ങിയ സമരനേതാക്കളും ചിത്രത്തില്‍ പുനര്‍ജനിക്കുന്നുണ്ട്. സുരേഷ് ഗോപി, മനോജ് കെ. ജയന്‍, ഇന്ദ്രജിത്ത് എന്നിവരാണ് കയ്യൂരില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ചിത്രത്തിന്‍റെ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചത്.

വിപ്ലവകഥയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സംവിധായകന്‍ തന്നെയാണ്. കയ്യൂരിന്‍റെ ചിത്രീകരണം മെയ് ഒന്നിനു കാസര്‍ഗോഡ് ആരംഭിക്കും. ഇഫാര്‍ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ റാഫിയാണു ചിത്രം നിര്‍മിക്കുന്നത്. സുരേഷ് ഗോപിയെ നായകനാക്കി ബിജു ഒരുക്കിയ രാമരാവണന്‍ ഉടന്‍ തിയറ്ററുകളിലെത്താനിരിക്കുകയാണ്.



സാനിയയുടെ കഥ സിനിമയാവുന്നു

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയൈബ് മാലിക്കുമായി വിവാഹം നിശ്ചയിച്ച ഇന്ത്യന്‍ ടെന്നീസ് റാണി സാനിയയുടെ കഥ അഭ്രപാളിയിലേക്ക്. സോനം കപൂറാണ് സാനിയയുടെ ജീവിതത്തോട് സാമ്യമുള്ള കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിക്കുന്നത്. അനീസ് ബസ്മി സംവിധാനം ചെയ്യുന്ന 'റോംകോം താങ്ക് യു' എന്ന ചിത്രത്തിലാണ് സോനം സാനിയയെ അവതരിപ്പിക്കുന്നത്.

സാനിയയുടെ ജീവിതവുമായി ഒട്ടേറെ സാദൃശ്യമുള്ള കഥാപാത്രത്തെയാണ് സോനം സിനിമയില്‍ അവതരിപ്പിക്കുന്നത്. യുവ ടെന്നീസ് താരമായ സോനത്തിന്‍റെ കഥാപാത്രം വിവാഹ നിശ്ചയം കഴിഞ്ഞതിനുശേഷം അതില്‍ നിന്ന് പിന്‍‌മാറുന്നതും മറ്റൊരാളെ വിവാഹം കഴിക്കുന്നതുമെല്ലാം ചിത്രത്തിലുണ്ട്. ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനായി സോനത്തെ കാനഡയിലേക്ക് അയച്ച് ടെന്നീസില്‍ പരിശീലനം നല്‍കാനൊരുങ്ങുകയാണ് സംവിധായകന്‍. അക്ഷയ്കുമാര്‍ ആണ് ചിത്രത്തില്‍ സോനത്തിന്റെ നായകനാവുന്നത്.

സോനം സിനിമയില്‍ ഒരു ടെന്നീസ് താരമായാണ് പ്രത്യക്ഷപ്പെടുന്നതെന്ന് ബസ്മി പറഞ്ഞു. ഒരേസമയം 30-35 പെണ്‍കുട്ടികളുടെ പുറകെ നടക്കുന്ന കഥാപാത്രത്തെയാണ് അക്ഷയ്കുമാര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ സോനം അവതരിപ്പിക്കുന്ന ടെന്നീസ് കളിക്കാരിയെ കാണുന്നതോടെ പെണ്‍കുട്ടികള്‍ക്ക് പിന്നാലെ പായുന്ന സ്വഭാവം അക്ഷയിന്റെ കഥാപാത്രം മാറ്റുന്നുണ്ട്.

എന്നാല്‍ സോനത്തെയും അയാള്‍ അത്രകണ്ട് ഗൗരവത്തിലെടുക്കുന്നില്ല-ഇതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ബസ്മി പറഞ്ഞു. ഹല്‍‌ചല്‍, നോ എന്‍‌ട്രി, വെല്‍ക്കം, ഹേരാ ഫേരി-4 എന്നിവയാണ് ബസ്മിയുടെ പ്രധാന ചിത്രങ്ങള്‍.



കാമുകന്‍‌മാരെ പറ്റിക്കാന്‍ ശ്യാമ വരുന്നു ! ..

കാമുക ഹൃദയങ്ങളെ പ്രണയിച്ച് പറ്റിക്കാന്‍ ശ്യാമ വരുന്നു. ആരാണ് ശ്യാമ എന്നല്ലെ ?. മലയാള സിനിമയില്‍ ഒട്ടേറെ ട്രെന്‍ഡ് സെറ്ററുകളൊരുക്കിയിട്ടുള്ള സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ഫാസില്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലെ നായികാ കഥാപാത്രമാണ് ശ്യാമ.

ഹേമചന്ദ്രനെന്ന സുഹൃത്തുമായി യഥാര്‍ത്ഥ പ്രണയം പങ്കിടുമ്പോഴും നിരവധി കാമുകന്‍‌മാരെ പ്രണയവലയില്‍ വീഴ്ത്തി പറ്റിക്കുകയാണ് ശ്യാമയുടെ ഹോബി. ഒരിക്കല്‍ കൂടി ഫാസില്‍ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി കഥപറയാനൊരുങ്ങുമ്പോള്‍ പ്രേക്ഷകരും പ്രതീക്ഷയിലാണ്.

നായികയെ ഫാസില്‍ കണ്ടെത്തിക്കഴിഞ്ഞു. നായകന് വേണ്ടിയുള്ള അന്വേഷണം പുരോഗമിയ്ക്കുകയാണ്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കുന്ന ചിത്രത്തിന്‍റെ അണിയറയില്‍ പക്ഷെ പുതിയ പരീക്ഷണത്തിന് ഫാസില്‍ ഒരുക്കമല്ല. ഛായാഗ്രാഹണം പതിവുപ്പോലെ ആനന്ദകുട്ടനും ഗാനരചന കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും തന്നെയാണ്.

ഒസേപ്പച്ചന് പകരം ചിത്രത്തിന് സംഗീതമൊരുക്കുന്നത് എം ജയചന്ദ്രനാണെന്ന വ്യത്യാസമുണ്ട്. ഫാസിലിന്‍റെ കഴിഞ്ഞ ചിത്രങ്ങളായ മോസ് ആന്‍ഡ് ക്യാറ്റും കൈയെത്തും ദൂരത്തും പ്രേക്ഷക പ്രീതി നേടിയിരുന്നില്ല. അതുകൊണ്ട് തന്നെ അനിയത്തിപ്രാവിന് ശേഷം ഫാസില്‍ വീണ്ടുമൊരു പ്രണയകഥ പറയാന്‍ ഒരുങ്ങുമ്പോള്‍ മറ്റൊരു ട്രെന്‍ഡ് സെറ്ററിന് കാത്തിരിക്കുയാണ് പ്രേക്ഷകരും


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Do More for Dogs Group. Connect with other dog owners who do more.


Welcome to Mom Connection! Share stories, news and more with moms like you.


Hobbies & Activities Zone: Find others who share your passions! Explore new interests.

.

__,_._,___