[www.keralites.net] സൂപ്പര്‍ താരങ്ങള്‍ക്ക്‌ പൃഥ്വിരാജിനെ ഭയം: തിലകന്‍

 

പൃഥ്വി - ഇന്ദ്രന്‍ ഏറ്റുമുട്ടല്‍; ചേട്ടന്‍ ജയിച്ചു!  
1 ഏപ്രില്‍ 2010

Indrajith

ജ്യേഷ്ഠാനുജന്മാരായ ഇന്ദ്രജിത്തും പൃഥ്വിരാജും നായകരായ 'നായക'നും 'താന്തോന്നി'യും മാര്‍ച്ച് 26-ന് റിലീസായ സിനിമകളാണ്. ജ്യേഷ്ഠനും അനുജനും തീയേറ്ററുകളില്‍ ഏറ്റുമുട്ടുന്നത് ഏറെ കൌതുകമുണര്‍ത്തിയിരുന്നു. ഇവരുടെ സിനിമകള്‍ റിലീസായി ഒരാഴ്ച പിന്നിടുമ്പോള്‍ മത്സരഫലം പുറത്തുവന്നുകഴിഞ്ഞു. യുദ്ധത്തില്‍ ജ്യേഷ്ഠനുതന്നെ ജയം. ഗ്ലാമറും ജനപ്രീതിയും ഉള്ള പൃഥ്വിരാജ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ജ്യേഷ്ഠന്റെ അഭിനയപാടവത്തിന് മുമ്പില്‍ അടിപതറുകയായിരുന്നു. 'നായകന്‍' തരക്കേടില്ലാത്ത സിനിമയെന്ന അഭിപ്രായവുമായി മുന്നോട്ട് കുതിക്കുമ്പോള്‍ മാര്‍ച്ച് അവസാന ആഴ്ചയിറങ്ങിയ പടങ്ങളില്‍ ഏറ്റവും മോശമെന്ന അഭിപ്രായമേറ്റുവാങ്ങി താന്തോന്നി തീയേറ്ററുകളില്‍ നിന്ന് പിന്മാറുകയാണ്.

നഗാഗത സംവിധായകരായ ലിജോ ജോസ് പല്ലിശേരി (തിരക്കഥാകൃത്തും നടനുമായിരുന്ന ജോസ് പല്ലിശേരിയുടെ മകന്‍), ജോര്‍ജ്ജ് വര്‍ഗീസ് എന്നിവരാണ് യഥാക്രമം 'നായകന്‍', 'താന്തോന്നി' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. മികച്ച ഫോര്‍മാറ്റും ഇന്ദ്രജിത്ത്, തിലകന്‍ എന്നിവരുടെ അഭിനയത്തികവുമാണ് നായകനെ രക്ഷിച്ചത്. താന്തോന്നിയിലെ കൊച്ചുകുഞ്ഞ് എന്ന തല്ലിപ്പൊളിയെ (സ്ഫടികത്തില്‍ മോഹന്‍‌ലാല്‍ അവതരിപ്പിച്ച ആടുതോമയെ പോലൊരു കഥാപാത്രം) അഭിനയിച്ച് ഫലിപ്പിക്കാന്‍ പൃഥ്വിരാജിന് കഴിയാതെ പോയതും ഇഴയടുപ്പമില്ലാത്ത തിരക്കഥയുമാണ് താന്തോന്നിയെ പരാജയപ്പെടുത്തിയത്.

വൃദ്ധനായ അധോലോക നായകനായ വിന്‍സന്റ് കാരണവരുടെയും (തിലകന്‍) മകള്‍ മറിയയുടെയും (ധന്യാ മേരി) സഹായത്തോടെ തന്റെ ശത്രുക്കളായ അധോലോക ഗുണ്ടകളോട് പ്രതികാരം ചെയ്യുന്ന വരദനുണ്ണിയുടെ (ഇന്ദ്രജിത്ത്) കഥയാണ് നായകന്‍. കഥകളിയുടെ പശ്ചാത്തലത്തില്‍, മികവുറ്റൊരു ഫോര്‍മാറ്റില്‍ നായകനിലെ കഥ മുന്നോട്ടുപോകുന്നു.

വടക്കന്‍ വീട്ടില്‍ തറവാട്ടിലെ താന്തോന്നിയായ ഇളയ മകന്‍ കൊച്ചുകുഞ്ഞ് എങ്ങിനെയാണ് കുടുംബസ്വത്ത് തിരിച്ചുപിടിക്കുന്നതെന്നും ക്രൂരതയുടെ പര്യായങ്ങളായ ബന്ധുക്കളെ എങ്ങിനെയാണ് ഒരു പാഠം പഠിപ്പിക്കുന്നതെന്നുമാണ് താന്തോന്നിയുടെ പ്രമേയം. ജനപ്രിയ ഫോര്‍മാറ്റില്‍ സിനിമയെടുത്തതും പൃഥ്വിരാജിന് അമാനുഷഭാവത്തിലുള്ളൊരു കഥാപാത്രത്തെ ഏല്‍‌പ്പിച്ചുകൊടുത്തതും ഈ സിനിമയ്ക്ക് വിനയായി.

കോപിക്കുന്ന യുവാവായും പിന്നീട് ഇരുത്തം‌വന്ന സ്വഭാവനടനായും വില്ലനുമായും മലയാളികളെ രസിപ്പിച്ച സുകുമാരന്റെ മക്കള്‍ ഏറ്റുമുട്ടിയപ്പോള്‍ പ്രേക്ഷകര്‍ക്ക് എറെ പ്രതീക്ഷകളുണ്ടായിരുന്നു. തീരെ മോശം കഥാപാത്രമാണ് താന്തോന്നിയില്‍ പൃഥ്വിരാജിന് ലഭിച്ചത്. ഇന്ദ്രജിത്തിനാകട്ടെ, അഭിനയിച്ച് പൊലിപ്പിക്കാന്‍ പറ്റിയ ഒരു കഥ ലഭിച്ചു. അതിനാല്‍ തന്നെ ഈ ഏറ്റുമുട്ടലില്‍ നീതി ഉണ്ടായിരുന്നില്ല എന്നുതന്നെ പറയേണ്ടിവരും. ഇരുവര്‍ക്കും അഭിനയിച്ച് പൊലിപ്പിക്കാന്‍ പറ്റിയ കഥാപാത്രങ്ങളെ ലഭിച്ചാലല്ലേ, ശരിക്കുള്ള ഏറ്റുമുട്ടല്‍ നടക്കൂ!

സൂപ്പര്‍ താരങ്ങള്‍ക്ക്‌ പൃഥ്വിരാജിനെ ഭയം: തിലകന്‍  
ഏപ്രില്‍ 2010



സൂപ്പര്‍താരങ്ങള്‍ക്ക്‌ പൃഥ്വിരാജിനെ ഭയമാണെന്ന് നടന്‍ തിലകന്‍. ഈ ഭയം കാരണമാണ് പൃഥ്വിയുടെ സിനിമകള്‍ ഫാന്‍സിനെ ഉപയോഗിച്ച്‌ കൂവിത്തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നും തിലകന് പറഞ്ഞു‍. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തിലകന്‍ സൂപ്പര്‍താരങ്ങള്‍ക്കെതിരെ വീണ്ടും രംഗത്തുവന്നത്.

പുതുതലമുറയിലെ ആണത്തമുള്ള നടനാണ്‌ പൃഥ്വി. അത്യാവശ്യം സംസാരിക്കാനറിയാവുന്ന ചെറുപ്പക്കാരനുമാണ്. മാത്രമല്ല നടന്‍ സുകുമാരന്റെ മകന്‍ കൂടിയാണ്‌. ഈ തന്റേടമാണ്‌ തനിക്ക്‌ അനുകൂലമായി സംസാരിക്കാന്‍ പൃഥ്വിരാജിനെ പ്രേരിപ്പിച്ചതെന്നും തിലകന്‍ പറഞ്ഞു.

ഇതേചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി തിലകന് അനുകൂലമായി സംസാരിച്ചത്. തിലകനെ മാറ്റിനിര്‍ത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പൃഥ്വി അദ്ദേഹത്തെ അനുകൂലിച്ച് സംസാരിച്ചത്. ഒരു നടനെയും സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനോട് അനുകൂലിക്കുന്നില്ലെന്ന് പൃഥ്വി പറഞ്ഞിരുന്നു.

ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാതിരുന്നത് തന്നോട് ആരും ഇതേപ്പറ്റി ചോദിക്കാത്തതു കൊണ്ടാണെന്നും പൃഥ്വി പറഞ്ഞിരുന്നു. തിലകന്‍ വിഷയം കത്തി നില്‍ക്കുമ്പോള്‍ മമ്മൂട്ടി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൃഥ്വിയും പങ്കെടുത്തിരുന്നു.

എന്നാല്‍ എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ചശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ മമ്മൂട്ടിയും പൃഥ്വിയും മടങ്ങുകയായിരുന്നു.

മണിരത്നത്തിന്റെ 'രാവണ'യ്ക്ക് 4 ക്ലൈമാക്സുകള്‍  
2 ഏപ്രില്‍ 2010



മണിരത്നം സംവിധാനം ചെയ്യുന്ന രാവണ എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ രണ്ടുവര്‍ഷമായി നടന്നുവരികയാണ്. ഇപ്പോഴിതാ ഷൂട്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ തയ്യാറായിരിക്കുന്ന ഈ സിനിമയില്‍ അഭിഷേക് ബച്ചന്‍, വിക്രം, ഐശ്വര്യാ റായ്, പൃഥ്വിരാജ്, പ്രഭു, ഗോവിന്ദ, ശോഭന, പ്രിയാമണി എന്നിവര്‍ അണിനിരക്കുന്നുണ്ട്. രാവണയ്ക്ക് നാല് വ്യത്യസ്ത ക്ലൈമാക്സുകളാണ് മണിരത്നം ഒരുക്കിയിരിക്കുന്നത് എന്നാണ് പുതിയ വാര്‍ത്ത.

രാമായണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മണിരത്നത്തിന്റെ രാവണയുടെ തിരക്കഥ. 'ദളപതി' എന്ന സിനിമയില്‍ മഹാഭാരതത്തിന്റെ കര്‍ണന്റെ പുതിയ കാലത്തിന് അനുസരിച്ച രീതിയില്‍ എടുത്തതുപോലൊരു പരീക്ഷണമായിരിക്കും രാവണ എന്ന് കരുതപ്പെടുന്നു.

രാമായണം ശ്രീരാമ ഭഗവാന്റെ കഥയാണെങ്കിലും പല രാമായണങ്ങളും നിലവിലുണ്ട്. വാല്‍‌മീകി രാമായണവും തുളസീദാസ രാമായണവും തുഞ്ചത്ത് എഴുത്തച്ഛന്റെ രാമായണവും കമ്പരാമായണവും ഉദാഹരണങ്ങള്‍ മാത്രം. രാവണനെ നായകനാക്കിയുള്ള ഐതിഹ്യകഥകളും നിലവിലുണ്ട്. രാവണന്‍ കട്ടുകൊണ്ടുപോയ സീതയെ ശ്രീരാമനും സൈന്യവും ലങ്ക ആക്രമിച്ച് തിരിച്ചുകൊണ്ട് പോകുന്നതാണല്ലോ രാമായണ കഥ. എന്നാല്‍ ചില രാമായണ കഥകളില്‍ സീത ഒരുപാട് കാലം കഴിഞ്ഞാണ് ശ്രീരാമ സന്നിധിയില്‍ എത്തുന്നത്. ചില കഥകളിലാവട്ടെ രാവണന്‍ ദയാലുവും നീതിമാനുമാണ്.

രാമായണ കഥയുടെ വിവിധ രൂപങ്ങള്‍ ശ്രദ്ധാപൂര്‍‌വം പഠിച്ചതിന് ശേഷമാണ് മണിരത്നം രാവണ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഇത് ശ്രീരാമ കഥയല്ല, പകരം രാവണ കഥയാണ്. എന്നാല്‍ എല്ലാ വിഭാഗക്കാരെയും തൃപ്തിപ്പെടുത്തുന്ന തരത്തില്‍ നാല് കഥാന്ത്യങ്ങളാണ് രാവണയ്ക്കായി മണിരത്നം ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഒരു ക്ലൈമാക്സില്‍ രാവണന്റെ അരികിലേക്ക് തന്നെ തിരിച്ചുപോകുന്ന സീതയെയും പ്രേക്ഷകര്‍ക്ക് കാണാം!

രാമായണ കഥയുടെ മോഡേണ്‍ രൂപമാണ് താന്‍ എടുക്കുന്നത് എന്നതിനാല്‍ ഹിന്ദു യാഥാസ്ഥിതിക ഗ്രൂപ്പുകളുടെ കോപം ഏറ്റുവാങ്ങേണ്ടി വരില്ല എന്നാണ് മണിരത്നം കരുതുന്നത്. എന്നാല്‍ ബജ്‌റംഗ് ദള്‍ കലാപക്കൊടി ഉയര്‍ത്തിക്കഴിഞ്ഞു. രാമായണ കഥയ്ക്ക് പുതിയൊരു ഭാഷ്യം വേണ്ടതില്ല എന്നാണ് ബജ്‌റംഗ് ദളിന്റെ വാദം. ഇപ്പോള്‍ നാല് ക്ലൈമാക്സുകള്‍ സിനിമയ്ക്ക് പ്രഖ്യാപിച്ചതോടെ നാല് പുതിയ ഭാഷ്യങ്ങളാണ് മണിരത്നം ഉന്നം വയ്ക്കുന്നതെന്ന് ഉറപ്പായിക്കഴിഞ്ഞു.

സിനിമ പ്രദര്‍ശനത്തിന് എത്തുന്നതോടെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ശക്തമാകാന്‍ ഇടയുണ്ട്. എന്തായാലും വന്‍ താരനിരയെ ഒരുക്കിക്കൊണ്ട് ഹിറ്റ് മേക്കര്‍ മണിരത്നം സംവിധാനം ചെയ്യുന്ന 'രാവണന്‍' പ്രദര്‍ശനത്തിന് തയ്യാറാകുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജിന് രാവണ കഥയില്‍ ആരുടെ വേഷമാണ് ലഭിച്ചിരിക്കുന്നത് എന്ന കാര്യം ഇപ്പോഴും രഹസ്യമാണ്.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Do More for Dogs Group. Connect with other dog owners who do more.


Welcome to Mom Connection! Share stories, news and more with moms like you.


Hobbies & Activities Zone: Find others who share your passions! Explore new interests.

.

__,_._,___