അമ്പതുദിവസത്തെ നോമ്പിനും പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ ക്രൈസ്‌തവര്‍ ആഘോഷിക്കുന്ന യേശു ക്രിസ്തുവിന്റെ ഉയിര്പ്പ് പെരുന്നാള്‍ . ഈസ്‌റ്റര്‍. ഈ വര്‍ഷത്തെ നോമ്പ് വീടലില്‍ കൊതിയൂറും ഈസ്റ്റര് സ്‌പെഷ്യല്‍ വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രശസ്‌ത സിനിമ നിര്മ്മാതാവും ബിസിനസുകാരനുമായ ജൂബിലി ജോയി തോമസിന്റെ ഭാര്യ ലൈല ജോയി.
ചിക്കന്‍ ബദാമി
ആവശ്യമുളള സാധനങ്ങള്
ചിക്കന്‍ - 1 കി.ഗ്രാം (ഇടത്തരം കഷ്ണം)
സവോള ചെറുതായി അരിഞ്ഞത് - 1 1/2 കപ്പ്
വെളുത്തുള്ളി - 2 കുടം
ഇഞ്ചി- 1 കഷ്ണം
വത്തല്മുളക് - 10 എണ്ണം
മഞ്ഞള്പ്പൊടി - 1 ടീസ്പൂണ്
കറുവ - 3
ഗ്രാമ്പൂ- 6
ഏലയ്ക്കാ - 3
ബദാം അല്ലെങ്കില്‍ നട്‌സ് - 1/4 കപ്പ് (അരയ്ക്കുക)
തൈര് - 1/4 കപ്പ്
തക്കാളി- 1 1/4 കപ്പ്
റ്റൊമാറ്റോ സോസ് - 1 1/2 ഡിസേര്ട്ട് സ്പൂണ്
മല്ലിയില- കുറച്ച്
ഉപ്പ് - പാകത്തിന്
പഞ്ചസാര - 1 ടീസ്പൂണ്
തയാറാക്കുന്ന വിധം
തൈരും മഞ്ഞള്പ്പൊടിയും ഉപ്പും പുരട്ടി കോഴിക്കഷ്ണങ്ങള്‍ 1 മണിക്കൂര്‍വയ്‌ക്കുക. തക്കാളിവേവിച്ച് തൊലികളഞ്ഞ് മിക്‌സിയില്‍ അടിക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്, പഞ്ചസാരയിട്ട് ചെറുതായി മൂക്കുമ്പോള്‍ സവോള ചെറിയ ബ്രൗണ്കളര് ആകുന്നിടംവരെ വഴറ്റി, അതില്നിന്ന് പകുതി സവോള കോരിമാറ്റുക. വഴന്ന സവോളയിലേക്ക് മസാല പൊടിച്ചത് വഴറ്റുക. ഇഞ്ചിയും വെളുത്തുള്ളിയും വത്തല്മുളക് അരച്ചതും നന്നായി വഴറ്റുക. അല്പം വെള്ളവും ഉപ്പും തക്കാളിച്ചാറും ഇറച്ചിയും ഇട്ട് ചെറുതീയില്‍ വേവിക്കുക. ഇറച്ചി വെന്തുകഴിയുമ്പോള്‍ നട്‌സ് കുറുകെ കലക്കിയതും റ്റുമാറ്റോ സോസും ചേര്ത്ത് കുറുകിയ പരുവത്തില്‍ വാങ്ങുക. മല്ലിയിലയും കോരിവച്ചിരിക്കുന്ന, ബാക്കി സവോളയും കൊണ്ട് അലങ്കരിക്കുക.
പാലപ്പം
ആവശ്യമുള്ള സാധനങ്ങള്
1. പച്ചരി - 2 ഗ്ലാസ്
2. ഉഴുന്ന് - 2 ടേബിള്‍ സ്‌പൂണ്‍
3. ഈസ്‌റ്റ് - 1 ടീസ്പൂണ്
4. ചോറ് - 4 ടേബിള്സ്പൂണ്
പഞ്ചസാര - പാകത്തിന്
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
പച്ചരി കുതിര്ത്തതിനുശേഷം 1 മുതല്‍ 4 വരെയുള്ള ചേരുവകള്‍ അരച്ച്, പഞ്ചസാരയും ഉപ്പും ചേര്ത്ത് കലക്കി വയ്‌ക്കുക. പിറ്റേന്ന് രാവിലെ പുളിച്ചുപൊങ്ങിക്കഴിഞ്ഞ് അപ്പം ചുടുക.
പന്നിയിറച്ചി വിന്താലു
ആവശ്യമുള്ള സാധനങ്ങള്
1. പന്നിയിറച്ചി - 2 കിലോ
2. കിസ്മിസ് - 20 ഗ്രാം
3. വെളുത്തുള്ളി - 1 കുടം
4. ഇഞ്ചി - 1 ചെറിയ കഷ്ണം
5. കുരുമുളക് - 1/2 ടീസ്പൂണ്
6. വാളന്പുളി - ചെറിയ ഉരുള
7. ജീരകം - 1/2 ടീസ്പൂണ്
8. മഞ്ഞള്പ്പൊടി - 1/2 ടീസ്പൂണ്
9. ഗ്രാമ്പൂ - 5 എണ്ണം
10. കറുവപ്പട്ട - ഒരു ചെറിയ കഷ്ണം
11. കടുക് - 1/2 ടീസ്പൂണ്
12. സവോള - 2 എണ്ണം കൊത്തിയരിയുക
13. വത്തല്‍മുളക് - 16 അല്ലെങ്കില്‍ കൂടുതല്‍
14. പച്ചമുളക് - 2 എണ്ണം
15. തക്കാളി- 2 എണ്ണം
16. നെയ്യ് (ഡാല്‍ഡ) - പാകത്തിന്
17. ഉപ്പ് - പാകത്തിന്
18. വിന്നാഗിരി - 1 ടേബിള്‍ സ്‌പൂണ്‍
തയാറാക്കുന്ന വിധം
എണ്ണ ചൂടാക്കി സവോള വഴറ്റുക. 2 മുതല്‍ 14 വരെയുള്ള ചേരുവകള്‍ തക്കാളിയും ചേര്‍ത്ത് വഴറ്റുക. ഇറച്ചിയിട്ട് നന്നായി വഴറ്റുക. 1/2 കപ്പ് വെള്ളവും വിന്നാഗിരിയും ഉപ്പും ചേര്ത്ത് ഇറച്ചി കുക്കറില്‍ വേവിക്കുക. മുകളില്‍ എണ്ണ തെളിയുമ്പോള്‍ വാങ്ങുക.
വെജിറ്റബിള്‍ റൈസ്‌്
ആവശ്യമുള്ള സാധനങ്ങള്
ബിരിയാണി അരി - 3 കപ്പ്
കാരറ്റ് - 100 ഗ്രാം (കനം കുറച്ചരിയുക)
ബീന്സ് - 100 ഗ്രാം( കനം കുറച്ചരിയുക)
കാബേജ് -100 ഗ്രാം( കനം കുറച്ചരിയുക)
സവോള - 100 ഗ്രാം( കനം കുറച്ചരിയുക)
ഗ്രീന്പീസ് - 1/2 കപ്പ് - പച്ച
പൈനാപ്പിള്‍ - 1/2 കപ്പ്
തയാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ 1/2 കപ്പ് ഡാല്‍ഡാ ഇട്ട്, സവോള ചുവക്കെ വഴറ്റുക. അതിനുശേഷം പച്ചക്കറികള്‍ വഴറ്റുക.
കറുവ- 2, ഗ്രാമ്പൂ- 6, എലയ്ക്ക-6 ഇത്രയും ഇട്ട് അരി വേവിക്കുക. അതിനുശേഷം തയാറാക്കിയ പച്ചക്കറിയില്‍ ചോറും പൈനാപ്പിളും ചേര്ത്തിളക്കി വാങ്ങുക. പാത്രത്തില്‍ വിളമ്പിയതിനുശേഷം കുറച്ച് സവോള, നട്സ്, കിസ്‌മിസ് നെയ്യില്‍ വറുത്ത് അലങ്കരിക്കുക. 1/2 മണിക്കൂര്‍ ബേക്ക് ചെയ്‌തതും ചെയ്യാതെയും ഉപയോഗിക്കാം.
താറാവ് റോസ്‌റ്റ്
ആവശ്യമുള്ള സാധനങ്ങള്
1. താറാവ് - 1 കിലോ
2. മല്ലിപ്പൊടി - 3 ടേബിള് സ്പൂണ്
3. കുരുമുളകുപൊടി - 3 ടീസ്പൂണ്
4. മുളകുപൊടി - 4 1/2 ടീസ്പൂണ്
5. ഇഞ്ചി- 2 ചെറിയ കഷണം
6. വെളുത്തുള്ളി - 1 വലിയ കുടം
7. ചെറിയ ഉള്ളി - 3 ടേബിള്സ്പൂണ്
8. ഗ്രാമ്പൂ - 6
9. പട്ട - മൂന്ന് ചെറിയ കഷണം
10. മഞ്ഞള്പ്പൊടി - 1 ടീസ്പൂണ്
11. ഉപ്പ് പാകത്തിന്
12. തേങ്ങ- 1 എണ്ണം (3 കപ്പ് പാല്‍ എടുക്കണം)
13. ഉരുളക്കിഴങ്ങ് - വറുത്തിടാന്
14. സവോള - വറുത്തിടാന്
തയാറാക്കുന്ന വിധം
താറാവ് വലിയ കഷ്ണമാക്കുക. 1 മുതല്‍ 10 വരെയുള്ള ചേരുവകള്‍ അരയ്‌ക്കുക. അരപ്പ് ഇറച്ചിയില്‍ പുരട്ടി 1 മണിക്കൂര്‍ വയ്‌ക്കുക. തേങ്ങാപ്പാല്‍ ഒഴിച്ച് ഇറച്ചി വേവിക്കുക. ഇറച്ചി ഗ്രേവിയില്‍ നിന്നെടുത്ത് ബ്രൗണ്‍കളര്‍ ആകുന്നതുവരെ വറുക്കുക. വറുത്ത ഇറച്ചി ചാറിലേക്ക് ഇട്ട് ഇളക്കുക. വറുത്ത ഉരുളക്കിഴങ്ങും സവോളയും ഇട്ട് അലങ്കരിക്കുക.
ഹൈദ്രബാദി മട്ടണ്
ആവശ്യമുള്ള സാധനങ്ങള്
ആട്ടിറച്ചി ചെറുതായി കഷ്ണമാക്കിയത് - 1 കിലോ
വെളിച്ചെണ്ണ - പാകത്തിന്
സവോള - 3 എണ്ണം (വലുത്)
പച്ചമുളക് - 10 എണ്ണം
നട്സ് - 50 ഗ്രാം
മുളകുപൊടി - 2 ടീസ്പൂണ്
മല്ലിപ്പൊടി - 1 ടീസ്പൂണ്
മഞ്ഞള്പ്പൊടി - 1 ടീസ്പൂണ്
വെളുത്തുള്ളി - 100 ഗ്രാം
തക്കാളി - 3 എണ്ണം
മല്ലിയില - 50 ഗ്രാം
കറിവേപ്പില - 2 തണ്ട്
ഉപ്പ് - പാകത്തിന്
ഗരംമസാല - 1 ടീസ്പൂണ്
തയാറാക്കുന്ന വിധം
എണ്ണ ചൂടാക്കി സവോളയിട്ട് വാടുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി അരച്ചത് വഴറ്റുക. അതിനുശേഷം നട്സ് അരച്ച് ചേര്ത്ത് തുടരെ ഇളക്കുക. ഇറച്ചിയിട്ട് വഴറ്റിയതിനുശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്പ്പൊടി, തക്കാളി, കറിവേപ്പിലയും ചേര്ത്ത് വഴറ്റി ഉപ്പും ചേര്ത്ത് ഇറച്ചി വേവിക്കുക. വെന്തതിനുശേഷം പച്ചമുളക്, മല്ലിയില, എന്നിവ വേറെ വേറെ വഴറ്റി കറിയിലൊഴിച്ച് ഇളക്കുക.
കൊറിയന്‍ ഫിഷ്
ആവശ്യമുള്ള സാധനങ്ങള്
മീന്‍- 500 ഗ്രാം (മോദ, നന്മീന്‍- ആകോലി)
സോയാസോസ് - 2 ടേബിള്സ്പൂണ്
മുളകുപൊടി - 1 ടേബിള്സ്പൂണ്
മൈദ - 1 ടേബിള്‍ സ്പൂണ്
ഉപ്പ് - 1 ടീസ്പൂണ്
ചേരുവകളെല്ലാം മീനില്‍ പുരട്ടി 1 മണിക്കൂര്‍ വച്ചതിനുശേഷം വറക്കുക.
സവോള കൊത്തിയരിഞ്ഞത് - 1 കപ്പ്
ക്യാപ്സിക്കം - ഒരെണ്ണം
വെളുത്തുള്ളി അരച്ചത് - 1 ടീസ്പൂണ്
വത്തല്മുളക് അരച്ചത് - 4 എണ്ണം
തക്കാളി സോസ് - 2 ടേബിള് സ്പൂണ്
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
മീന് വറുത്ത എണ്ണയില്‍ സവോള വഴറ്റുക. വെളുത്തുള്ളി, മുളക്, ക്യാപ്‌സിക്കം ഇവയിട്ട് വഴറ്റുക. തക്കാളിസോസ്, ഉപ്പ് ചേര്ക്കുക. വറുത്ത മീന് ചേര്ത്തിളക്കി വാങ്ങുക.
മുരിങ്ങപ്പൂവ് കട്‌ലറ്റ്
ആവശ്യമുള്ള സാധനങ്ങള്
മുരിങ്ങപ്പൂവ് - 1 കപ്പ്
സവോള - 1/2 കപ്പ് (ചെറുതായി അരിയുക)
പച്ചമുളക് - 3 എണ്ണം
ഇഞ്ചി - 1 കഷ്ണം (ചതയ്ക്കുക)
വെളുത്തുള്ളി - 2 (ചതയ്ക്കുക)
മല്ലിയില- കുറച്ച്
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത്- 1 കപ്പ്
ഗരം മസാലപ്പൊടി - 1/2 ടീസ്പൂണ്
കുരുമുളകുപൊടി - 1/4 ടീസ്പൂണ്
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
എണ്ണയില്‍ സവോളയും പച്ചമുളകും ആദ്യം വഴറ്റുക. അതിനുശേഷം ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. മുരിങ്ങപ്പൂവ് നന്നായി വഴറ്റുക. മല്ലിയില, ഗരംമസാലപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വാങ്ങി തണുത്തതിനുശേഷം ഉരുളക്കിഴങ്ങ് ചേര്‍ത്തിളക്കുക. ചെറുനാരങ്ങാ വലുപ്പത്തില്‍ എടുത്ത് വടയുടെ ആകൃതിയില്‍ പരത്തി മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി വറുക്കുക.
ബീഫ് റോസ്‌റ്റ്
ആവശ്യമുള്ള സാധനങ്ങള്
1. പോത്തിറച്ചി - 1 കിലോ
2. മഞ്ഞള്പ്പൊടി - 1/2 ടീസ്പൂണ്
3. മുളകുപൊടി - 1 ടീസ്പൂണ്
4. കടുക് - 1 ടീസ്പൂണ്
5. കശ്കശ് - 1 ടീസ്പൂണ്
6. കുരുമുളക് - 1 ടീസ്പൂണ്
7. ജീരകം - 1 ടീസ്പൂണ്
8. പെരുജീരകം - 1 ടീസ്പൂണ്
9. കറുവ, ഏലയ്ക്ക, ഗ്രാമ്പൂ - പാകത്തിന്
10. ഇഞ്ചി - 2 1/2 '' കഷ്ണം
11. വെളുത്തുള്ളി - 1 വലിയ കുടം
12. ചെറിയ ഉള്ളി- 4 എണ്ണം
13. സവോള - 3 വലുത്
14. തക്കാളി -1 വലുത്
15. വിന്നാഗിരി - 1/4 കപ്പ്
16. എണ്ണ - പാകത്തിന്
17. പുതിനയില - കുറച്ച്
18. ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
ഇറച്ചി കഷ്ണിക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ അരച്ച് എണ്ണ ചൂടാക്കി വഴറ്റുക. അതിനുശേഷം 2 മുതല്‍ 9 വരെയുള്ള ചേരുവകളും അരച്ചത് വഴറ്റുക. നീളത്തിലരിഞ്ഞ സവോളയും ചെറുതായി അരിഞ്ഞ തക്കാളിയും വഴറ്റുക. അതിലേക്ക് ഇറച്ചിയും പുതിനയും ഉപ്പും ഇട്ട് കുക്കറില്‍ വേവിക്കുക. കുറുകിയ പരുവത്തില്‍ വാങ്ങി ഉരുളക്കിഴങ്ങും കാരറ്റ് വറുത്തതും ഇട്ട് അലങ്കരിക്കുക.
ഓറഞ്ച് പുഡിംഗ്‌്
ആവശ്യമുള്ള സാധനങ്ങള്‍
കണ്ടന്‍സ് മില്‍ക്ക് - 1 ടിന്‍
പാല്‍ - 1 ടിന്
മുട്ട - 3 എണ്ണം
ജലാറ്റിന്‍ - 3 ടീസ്പൂണ്
ഓറഞ്ച് ജ്യൂസ് - 3/4 കപ്പ് (2 ഓറഞ്ചിന്റെ അല്ലികൂടി വേറെ ചേര്ക്കുക)
നാരങ്ങാനീര് - 3/4 ടീസ്പൂണ്
പഞ്ചസാര- 2 ടേബിള്സ്പൂണ്
വാനില എസന്സ് - 4-5 തുള്ളി
തയാറാക്കുന്ന വിധം
കണ്ടന്‍സ് മില്‍ക്ക്, പാല്‍, മുട്ടയുടെ ഉണ്ണി, കുറച്ച് പഞ്ചസാര ചേര്ത്ത് ഡബിള്ബോയില് ചെയ്യുക. തണുത്തതിനുശേഷം അതിലേക്ക് ഓറഞ്ച് ജ്യൂസ് ചേര്‍ക്കുക. ജലാറ്റിന്‍ 15 മിനിറ്റ് വെള്ളത്തിലിട്ടതിനുശേഷം ഉരുക്കി ക്രീമിലേക്ക് ഒഴിക്കുക. മുട്ടയുടെ വെള്ളയും 2 ടേബിള്‍ സ്‌പൂണ്‍ പഞ്ചസാരയും വാനില എസന്സും ചേര്‍ത്ത് ബീറ്റ് ചെയ്‌ത് ക്രീമില്‍ ഒഴിക്കുക. നാരങ്ങാനീരും ചേര്‍ത്തിളക്കി ട്രേയില്‍ ഒഴിച്ച് സെറ്റാകാന്‍ ഫ്രിഡ്‌ജില്‍വയ്‌ക്കുക. പകുതി സെറ്റായിക്കഴിയുമ്പോള്‍ കുറച്ച് നട്‌സ്, ബട്ടര്‍, പഞ്ചസാര ചേര്‍ത്ത് കാരമലൈസ് ചെയ്‌ത് പൊടിച്ച് പുഡ്‌ഡിംഗിന് മുകളിലേക്ക് വിതറുക. ഇടയ്‌ക്ക് കുറച്ച് ഓറഞ്ച് അല്ലികൂടി ഭംഗിക്ക് ഇട്ട് വീണ്ടും സെറ്റാകാന്‍ ഫ്രിഡ്‌ജില്‍ വയ്‌ക്കുക.
(ജിസാ പി തമ്പി)
(Mangalam Daily)