[www.keralites.net] ശുഭരാത്രി.

 

"ഇല്ലായ്മകളും, വല്ലായ്മകളും.."

അടുത്തുള്ള കട്ടിലുകളില്‍ രണ്ടു പേരു തമ്മില്‍ കൂര്‍ക്കംവലി മല്‍സരം നടക്കുന്നു , എനിക്കും അതില്‍ പാര്‍ട്ടിസിപ്പേറ്റു ചെയ്യണമെന്നുണ്ടെങ്കിലും തലക്കുള്ളില്‍ വട്ടം കറങ്ങുന്ന ചിന്തകള്‍ അതിനു അണുവിടപോലും അവസരം തരുന്നില്ല. ഒരു തലയിണയും കെട്ടിപ്പിടിച്ചു കണ്ണുകള്‍ ഇറുകെ അടച്ച്‌ പരമാവധി അതിന്നായി ശ്രമിക്കുമ്പോളാണ് തലക്കാംപുറത്തു ടീപോയില്‍ ഇരുന്ന മൊബൈല്‍ ബഹളം വെച്ചത്..
''ഫോണെടുക്കടാ..ഫോണെടുക്കാന്‍....(റിംഗ് ടോണ്‍ ...) ഒറ്റ തവണ അടിച്ചു അത് കട്ടായി . മിസ്സ്‌ കാള്‍ ആയതു കൊണ്ട് നാട്ടില്‍ നിന്നാണെന്ന് ഊഹിച്ചു.
'' Kodali called''

നാട്ടിലെ ഏറ്റവും അടുത്ത സുഹൃത്താണ് കോടാലി മൊയ്തുട്ടി , അവനാണ് ഈ നട്ടപ്പാതിരാക്ക് മിസ്കാള്‍ വിട്ടു കളിക്കുന്നത്...
ഈ കന്നാലിക്ക് ഒറക്കം ഒന്നും ഇല്ലേ?
മനസ്സില്‍ പ്രാകിക്കൊണ്ടാണ് ഓണ്‍ ലൈനില്‍ കയറിയത് ..
"ഡാ എന്താഡാ കോടാലികുട്ടാ ഈ നട്ടപ്പാതിരയ്ക്ക്... ?"
..........................
മറുപടിയില്ല.....
"എന്താടാ നിനക്ക് മിണ്ടാട്ടം മുട്ടിയോ?"
വീണ്ടും ഒരു നിമിഷത്തെ മൌനത്തിനു ശേഷമാണ് അവന്‍ വാ തുറന്നത്..
"ഓ..നമ്മളെ ഒക്കെ ഓര്‍മ്മയുണ്ടോ നിനക്ക്..?നീയൊക്കെ വല്യ ഗള്‍ഫുകാരനായില്ലേ..?"
അങ്ങിനെ തുടങ്ങി പിന്നെ അവന്‍റെ പതിവ് പരിഭവങ്ങള്‍... പരാതികള്‍..
നീ ഭാഗ്യവാനാടാ ... നിനക്ക് ഗള്‍ഫില്‍ സുഖവാസമല്ലേ?
ഞാനിപ്പഴും ഇവിടെ ഈ പാലുകച്ചോടോം തോടും കണ്ടവും നെരങ്ങലും ആയി
മഴയും വെയിലും കൊണ്ട് തെണ്ടിത്തിരിഞ്ഞു നടപ്പാടാ.!!"
എനിക്ക് പറയാന്‍ മറുപടി ഒന്നും ഇല്ലായിരുന്നു...
അവന്‍റെ ഭാഗ്യ സങ്കല്‍പ്പങ്ങളുടെ പൊള്ളത്തരങ്ങള്‍ ഓര്‍ത്തുകൊണ്ട് ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..
വീണ്ടും കിടന്നപ്പോള്‍ കല്‍ബ് എന്ന ആ സാധനത്തിനുള്ളില്‍ ഒരു വിങ്ങല്‍...
ബെഡിന്റെ അടിയില്‍ നിന്ന് എന്റെ ഡയറി എടുത്ത്‌
മാര്‍ച്ച് 11 ലെ വരയിട്ട താളുകളില്‍ ഞാനിങ്ങനെ കുറിച്ച് വച്ചു...
എന്‍റെ പ്രിയപ്പെട്ട സുഹൃത്തേ..,

നീ പറഞ്ഞത് ശരിയാ....ഞാന്‍ ഭാഗ്യവാനാ....ഗള്‍ഫില്‍ ദേഹമനങ്ങാത്ത ജോലി , AC മുറിയില്‍ താമസ്സം
തിളങ്ങുന്ന ഉടയാടകള്‍.., എല്ലാവിധ ആധുനിക സൌകര്യങ്ങളും...
നിന്‍റെ നോട്ടത്തില്‍ സുഖസുന്ദരആഡംബര ജീവിതം.. ആര്‍മാദിക്കാന്‍ വേറെന്തുവേണം..!?
പക്ഷെ..., ഇവിടെ, ഈ സുഖലോലുപതയില്‍..., പ്രിയപ്പെട്ടവരും സ്വന്തപെട്ടവരുമായി ആരും അരികില്ലാത്ത വിഷമം നിനക്കെങ്ങിനെ മനസ്സിലാവാന്‍!?

കോഴി കൂവാത്ത... കിളികള്‍ കരയാത്ത ഇളം വെയിലില്ലാത്ത പ്രഭാതങ്ങള്‍.,
ഇവിടെ.പ്രഭാതങ്ങള്‍ക്ക് എന്നും ഒരു വരണ്ട നിറമാന്നെന്ന് നിനക്കറിയാമോ!, ഇവിടെ ജീവിക്കാന്‍ വിധിക്കപ്പെട്ട പ്രവാസികളുടെ മനസ്സിന്‍റെ അതേ നിറം...ഇവിടെ വീശിയടിക്കുന്ന ഉഷ്ണകാറ്റിനേക്കാള്‍ ചൂടുണ്ട് ഞങ്ങളുടെ നിശ്വാസങ്ങള്‍ക്ക് എന്ന കാര്യം..
കടം പറഞ്ഞു കുടിക്കാന്‍ ഇവിടെ എനിക്ക് ആലുക്കാടെ കടയിലെ കട്ടന്‍ചായയും പരിപ്പുവടയും ഇല്ലടാ....പടിഞ്ഞാറന്‍ വയലുകളെ തഴുകിയെത്തുന്ന ആ കുളിര്‍കാറ്റ്, മുറ്റത്തെ മുല്ലയുടെയും പിച്ചകത്തിന്‍റെയും മനം മയക്കുന്ന സുഗന്ധം., പ്രാവുകളുടെ കുറുകല്‍ ....എല്ലാം ഇല്ലായ്മകളുടെ പട്ടികയിലാണ്.
ഇവിടെ ,നനയാന്‍ മഴയില്ല .. കുളിര് പുതച്ചുറങ്ങാന്‍ മഞ്ഞുകാലമില്ല..,
ആരും കാണാതെ ബീഡി വലിച്ചു സൊറ പറഞ്ഞിരിക്കാന്‍ പഞ്ചായത്ത് വക കലുങ്കുകളോ കടത്തിണ്ണകളോ ഇല്ല ....നീന്തിക്കളിക്കാന്‍ കായലുകളും കുളങ്ങളുമില്ല...,തോര്‍ത്തിട്ടു പിടിക്കാന്‍ പരല്‍ മീനുകളും...കോരിക്കുടിക്കാന്‍ ശുദ്ധമായ കിണര്‍ വെള്ളവുമില്ല; കല്ലെറിഞ്ഞു വീഴ്ത്താന്‍ കണ്ണിമാങ്ങകളും... അങ്ങിനെ ഒത്തിരി ഒത്തിരി ഇല്ലായ്മകള്‍... കൂട്ടുകാരാ, നീയെങ്കിലും അറിയുക..ഇവിടുത്തെ എന്‍റെ പ്രിയപ്പെട്ട നഷ്ടങ്ങളെകുറിച്ച്, ഇല്ലായ്മകളെ കുറിച്ച് ..

ശീതീകരിച്ച മുറിയുടെ വെള്ളയടിച്ച്ച നാല് ചുവരുകള്‍ക്കുള്ളില്‍
എനിക്ക് സ്വന്തമായുള്ളതും ഞാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നതും എന്‍റെ തലയിണ മാത്രമാണ് ...
ചിലപ്പോ ഞാനതിനെ എന്‍റെ പ്രിയപ്പെട്ടവരുടെ പേരിട്ട് വിളിക്കും..,
മറ്റുചിലപ്പോള്‍ അതെന്‍റെ പ്രിയപ്പെട്ടെ പൂച്ചക്കുട്ടിയാവും , പതുങ്ങി പതുങ്ങി വന്ന്‌ എന്നെ ഉണര്‍ത്താതെ വളരെ ശ്രദ്ധിച്ചു എന്‍റെ ചൂട് പറ്റികിടക്കുന്ന എന്‍റെ മാത്രം കുറുഞ്ഞി പൂച്ച, അതിനെ തലോടിയും താലോലിച്ചും അങ്ങിനെ കിടക്കും ...

എന്നിട്ടും നീ പറയുന്നു ഞാന്‍ ഭാഗ്യവാനാണെന്ന്.., അതെ സ്വര്‍ഗത്തില്‍ തീകനലിലൂടെ നടക്കുന്ന സൌഭാഗ്യം..! മനസ്സിന്‍റെ അഗാതതയില്‍ കുന്നുകൂടികിടക്കുന്ന ആശകളുടെ ഒരായിരം വാടിയ മൊട്ടുകള്‍ , വിടരാത്ത മൊട്ടുകള്‍ , കൊഴിഞ്ഞുപോയ മൊട്ടുകള്‍ ..ഇനിയും പിറക്കാന്‍ മോഹങ്ങളില്ലെങ്കിലെന്നു ആശിച്ചുപോകുന്ന മൃതി..ഇതൊന്നും പറഞ്ഞാല്‍ നിനക്കെന്നല്ല ആര്‍ക്കും മനസ്സിലാകില്ല.
ഏതു അര്‍ത്ഥത്തിലും നീയാടാ ഭാഗ്യവാന്‍, നാടിന്‍റെ സുഗശീതളമാര്‍ന്ന പച്ചപ്പില്‍ അല്ലലുകളും അലട്ടലുകളും ഇല്ലാതെ,പ്രിയപ്പെട്ടവരുടെ മുഖം എന്നും കണികണ്ടുണര്‍ന്ന് അവരുടെ സ്നേഹ ലാളനങ്ങള്‍ അറിഞ്ഞും അനുഭവിച്ചും...അങ്ങിനെ അങ്ങിനെ...
"ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരപ്പച്ച.. " അതാണല്ലോ സത്യം!.

സുഹൃത്തേ സമയം അതിക്രമിച്ചിരിക്കുന്നു, നാളെയും പുലര്‍ച്ച നാലുമണിക്ക് അലാറം അലറി വിളിക്കും, തനിആവര്‍ത്തനങ്ങളുടെ വിരസമായ ഒരു ദിനം കൂടി കടന്നു വരുന്നതിന്‍റെ നാന്ദി കുറിക്കാന്‍..
അതുകൊണ്ട് ഇനി ഞാനുറങ്ങട്ടെ ... എന്‍റെ പ്രിയപ്പെട്ട തലയിണയും കെട്ടിപ്പിടിച്ച്..കൊച്ചു കൊച്ചു സ്വകാര്യ സ്വപ്‌നങ്ങള്‍ കണ്ട്....

ശുഭരാത്രി.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___