[www.keralites.net] അമിതാഭ് ബച്ചന് ഊരുവിലക്ക്

 

അമിതാഭ് ബച്ചന്‍ പോലും ! ആരാണയാള്‍ ? കമ്മ്യൂണിസം എന്താണെന്ന്, സിപിഎം എന്താണെന്ന് അയാള്‍ക്കറിയാമോ ? കേരളത്തെപ്പറ്റി, കണ്ണൂരിനെപ്പറ്റി, ദേശാഭിമാനിയെപ്പറ്റിയൊക്കെ അയാള്‍ കേട്ടിട്ടുണ്ടോ ? ഇന്ത്യാമഹാരാജ്യത്ത് എന്തു സേവനമാണ് അയാള്‍ ചെയ്തിട്ടുള്ളത് ? മഹാത്മാഗാന്ധിയെപ്പോലെ, ഇഎംഎസിനെപ്പോലെ, അബ്ദുല്‍ നാസര്‍ മദനിയെപ്പോലെ രാജ്യപുരോഗതിക്കു വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടുള്ളയാളാണോ ഈ ബച്ചന്‍ ? എന്നിട്ടിപ്പോള്‍ വന്നിരിക്കുന്നു അംബാസിഡറാകാന്‍. ബച്ചന്‍ പോലും ബച്ചന്‍ !

കേരളം പോലൊരു സംസ്ഥാനത്തിന്‍റെ ടൂറിസം വകുപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡറാകണമെന്ന് അയാള്‍ ഇങ്ങോട്ടു ആവശ്യപ്പെടുമ്പോള്‍ അതിന്‍റെ പിന്നില്‍ എന്തുദ്ദേശമായിരിക്കും എന്നു നമുക്കൂഹിക്കാവുന്നതല്ലേയുള്ളൂ. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ബിനാമിയായിട്ടാണ് ബച്ചന്‍ കേരളത്തിലേക്കു വരുന്നത് എന്ന സത്യം ഇവിടുത്തെ ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു. ജനങ്ങളുടെ മനസ്സറിയുന്ന ഒരു സര്‍ക്കാരാണ് ഇവിടെയുള്ളത്. സര്‍ക്കാരിന്‍റെ മനസ്സറിയുന്ന ഒരു പൊളിറ്റ്ബ്യൂറോ ആണ് ഡല്‍ഹിയിലുള്ളത്. അതുകൊണ്ട് ബച്ചന്‍ കേരളത്തിലേക്കു കാലെടുത്തു കുത്തുന്നതിനു പോലും വിലക്കേര്‍പ്പെടുത്തണമെന്നാണ് എനിക്ക് പറയാനുള്ളത്.

മോഹന്‍ലാലിനെപ്പോലെ, തിലകനെപ്പോലെ ആയിരക്കണക്കിനു ഫാന്‍സ് ഉള്ള ഒരു നടനാണോ ഈ ബച്ചന്‍ ? അല്ലെങ്കില്‍ വിഗ്ഗും മേക്കപ്പും ഇല്ലാതെ സിനിമയിലഭിനയിക്കാന്‍ ഇയാള്‍ക്കു ധൈര്യമുണ്ടോ ? സിനിമയില്‍ പോട്ടെ, കേരളത്തിലേക്കു വരുമ്പോളെങ്കിലും വിഗ്ഗൂരി വയ്‍ക്കാന്‍ ഇയാള്‍ക്കു ധൈര്യമുണ്ടോ ? ബിഗ് ബി അല്ല, വിഗ് ബി ആണയാള്‍. പടുകിളവനായിട്ടും പ്രായത്തിനനുസസരിച്ചുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ധൈര്യമുള്ള മമ്മൂട്ടിയെപ്പോലെ, മോഹന്‍ലാലിനെപ്പോലെ ലോകനിലവാരമുള്ള ആരെയെങ്കിലും വേണ്ടേ കേരളത്തിന്‍റെ ടൂറിസം അംബാസിഡറാക്കാന്‍. പാ എന്ന സിനിമയില്‍ അഭിഷേഖ് ബച്ചന്‍റെ മകനായിട്ടാണ് ഇയാള്‍ അഭിനയിച്ചതെന്നു കേള്‍ക്കുന്നു. എന്തൊരു കഷ്ടമാണിതെന്ന് നിങ്ങള്‍ ആലോചിച്ചു നോക്കണം. യുവതാരങ്ങളെക്കൊണ്ട് അച്ഛന്‍ വേഷം കെട്ടിച്ച് ബാലതാരങ്ങളുടെ അവസരം തട്ടിയെടുക്കുകയാണ് ഈ വൃദ്ധന്‍.

ഇയാള്‍ കേരളത്തിലേക്കു വരുന്നത് കേരളത്തിന്‍റെ ടൂറിസം അവസരങ്ങള്‍ തട്ടിയെടുത്ത് ഗുജറാത്തിനു നല്‍കാനല്ലെന്ന് ആരു കണ്ടു ? കേരളത്തിലേക്കു വരുന്ന വിദേശികളെ ഗുജറാത്താണ് കൂടുതല്‍ രസം എന്നു പറഞ്ഞ് ഇയാള്‍ അങ്ങോട്ടു പറഞ്ഞുവിടില്ലെന്ന് എന്താണുറപ്പ് ? ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് അങ്ങേയറ്റം പരിശുദ്ധമാണ്. ബച്ചനെപ്പോലുള്ള നികൃഷ്ടജീവികളെ പാര്‍ട്ടി എന്നും അകറ്റിനിര്‍ത്തിയിട്ടേയുള്ളൂ. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയാണ് അവരുടെ എല്ലാം. ഊണിലും ഉറക്കത്തിലും പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവര്‍ അക്ഷരം പ്രതി അനുസരിക്കുന്നു. മതഗ്രന്ഥങ്ങള്‍ക്കു പകരം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കുന്ന വീടുകള്‍ ഉള്ള നാടാണ് കേരളം.

അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നും യൂറോപ്പില്‍ നിന്നും ഗള്‍ഫില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമൊക്കെ സ‍ഞ്ചാരികള്‍ കേരളത്തിലേക്കു വരുന്നത് എന്തു കാണാനാണ് ? ഇവിടെയുള്ള ബീച്ചും ഒണക്ക തെങ്ങും കൂതറ മലയാളികളെയും കാണാനാണെന്നു കരുതിയോ ? ഇതെന്താ ലോകത്തു വേറൊരിടത്തും ഇല്ലാത്ത സാധനമാണോ ? 20ലേറെ രാജ്യങ്ങളില്‍ തെങ്ങുണ്ട്. 200ലേറെ രാജ്യങ്ങളില്‍ ബീച്ചുണ്ട്.എല്ലാ രാജ്യങ്ങളിലും മലയാളിയുണ്ട്. പിന്നെന്തിനാണ് ടൂറിസ്റ്റുകള്‍ കേരളത്തിലേക്കു വരുന്നത് ? കമ്മ്യൂണിസത്തെ പറ്റി പഠിക്കാന്‍. ലോകമറിയുന്ന കമ്മ്യൂണിസ്റ്റുകാരായ ഗാന്ധിയെയും മദര്‍ തെരേസയെയും മദനിയെയും പറ്റി ആഴത്തിലറിയാന്‍. സഖാവ് പിണറായിയും സഖാവ് യെച്ചൂരിയും അമേരിക്കയിലെയും യൂറോപ്പിലെയും ഗള്‍ഫിലെയും കോടിക്കണക്കിനുവരുന്ന തൊഴിലാളി വര്‍ഗത്തിന്‍റെ ആവേശമാണ്. ഇതുവല്ലതും ബച്ചനറിയാമോ ?

ലോകത്ത് ബച്ചനെ അറിയുന്ന ഇരുനൂറോ മുന്നൂറോ കോടി ആളുകളുണ്ടാവും. പക്ഷെ, ഇവരിലെത്ര പേര്‍ വൈക്കം വിശ്വനെ അറിയും ? ഈ പറയുന്ന ബച്ചന്‍ അറിയുമോ ? വൈക്കം വിശ്വനെ അറിയാത്ത ഒരാള്‍ക്ക് കേരളസമൂഹത്തില്‍ എന്താണ് സ്ഥാനം ? എസ്എന്‍സി ലാവ്‍ലിന്‍ എന്താണെന്ന് അറിയാമോ ബച്ചന് ? മൂന്നാര്‍ എന്നു വച്ചാല്‍ കുറെ തേയിലത്തോട്ടങ്ങളും റിസോര്‍ട്ടുകളും ആണെന്നേ ബച്ചന്‍ പോലും കരൂതൂ. എന്നാല്‍, കേരളത്തിനും കേരളത്തെ സ്നേഹിക്കുന്നവര്‍ക്കും മൂന്നാര്‍ എന്നു വച്ചാല്‍, ക്യൂബയും റഷ്യയും ചൈനയും പോലെ അനേകം വിപ്ലവകാരികളുടെ ചോരയും കണ്ണീരും വീണ മണ്ണാണെന്ന സത്യം ഇവിടെ വരുന്ന സഞ്ചാരികള്‍ക്കറിയാം.

കേരളത്തില്‍ ഒരു പരിപാടിക്കു വന്നപ്പോള്‍ ബച്ചന്‍ മുണ്ടാണുടുത്തത്. ഗുജറാത്തില്‍ പോകുമ്പോള്‍ ഇയാള്‍ ധോത്തി ഉടുക്കും. ഇത് ഫ്രോഡുകളുടെ ലക്ഷണമാണ്. നാളെ ഇയാള്‍ ആഫ്രിക്കയില്‍ പോയാല്‍ ദേഹമാകെ കരിവാരി തേച്ച് കോണകം മാത്രമുടുത്തായിരിക്കും പോകുന്നത്. പാര്‍ട്ടി സഖാക്കള്‍ അങ്ങിനെയല്ല. എപ്പോഴും സ്യൂട്ടാണ്. കേരളത്തില്‍ വരുമ്പോള്‍ മാത്രമേ മുണ്ട് ധരിക്കാറുള്ളൂ. ഇത് സത്യത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ്. അല്ലെങ്കിലും ബച്ചന്‍റെ പരസ്യം കണ്ട് കേരളത്തിലേക്കു വരുന്ന ഒരു ടൂറിസ്റ്റ് സന്തുഷ്ടനായി തിരിച്ചു പോകും വഴി ഗുജറാത്തിലേക്കു ക്ഷണിച്ചുകൊണ്ടുള്ള ബച്ചന്‍റെ പരസ്യം കണ്ട് കണ്‍ഫ്യൂഷനാവില്ലേ ? സ്വന്തം ഭര്‍ത്താവിനെ അന്യസ്ത്രീയോടൊപ്പം കാണേണ്ടി വരുന്ന ഒരു ഭാര്യയുടെ അവസ്ഥയല്ലേ ആ ടൂറിസ്റ്റിനുണ്ടാവുന്നത് ?

ഇതൊന്നും വച്ചുപൊറുപ്പിനാവുന്നതല്ല എന്നതിനാല്‍ കേരളത്തിന്‍റെ ടൂറിസം ബ്രാന്‍ഡ് അംബാസിഡറാകാനുള്ള ബച്ചന്‍റെ ശ്രമം നമ്മള്‍ പൊരുതി തോല്‍പിക്കണം. നരേന്ദ്രമോഡിയുടെ പരിചയക്കാരനായ ബച്ചന്‍റെ സിനിമകള്‍ റിലീസ് ചെയ്യുന്നതില്‍ നിന്ന് കേരളത്തിലെ തിയറ്ററുകള്‍ വിട്ടു നില്‍ക്കണം. ഏറ്റവും പ്രധാനമായി, കാണ്ഡഹാര്‍ എന്ന സിനിമയില്‍ ബച്ചനെ അഭിനയിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് മേജര്‍ രവി പിന്മാറണം. അതില്‍ ബച്ചനഭിനയിച്ചാല്‍ ബച്ചന്‍ വരുന്ന ഓരോ സീനിലും കേരളത്തിലെ ജനങ്ങള്‍ കൂവിവിളിക്കും. കേരളം എന്ന ബൗദ്ധിക ടൂറിസ്റ്റ് സെന്‍ററിന്‍റെ സോള്‍, ആത്മാവ് അതെന്താണെന്നു മനസ്സിലാക്കാനുള്ള സെന്‍സോ സെന്‍സിബിലിറ്റിയോ സെന്‍സിറ്റിവിറ്റിയോ ബച്ചനുണ്ടാകട്ടെ, എന്നിട്ട് ആ മോഡിയുമായുള്ള ബന്ധം അവസാനിപ്പിച്ച് പാര്‍ട്ടി മെബര്‍ഷിപ്പെടുത്ത് വരട്ടെ, അപ്പോള്‍ ആലോചിക്കാം. പാര്‍ട്ടി വിചാരിച്ചാല്‍ ബച്ചനും ഊരുവിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയും, അത് ഒരു കൊച്ചനും മറക്കേണ്ട


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___