ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ഭാര്യാഭര്‍ത്താക്കന്‍മാരാണെന്നു പറഞ്ഞ് ഹോട്ടലില്‍ മുറിയെടുത്ത് ഒന്നിച്ചു താമസിക്കുമ്പോള്‍ നമ്മള്‍ എന്തു മനസ്സിലാക്കണം ? അവര്‍ സഹോദരീസഹോദരന്‍മാരാണ്. അവര്‍ അക്കുത്തിക്കുത്തു കളിക്കുകയോ സിനിമാപ്പേരു കളിക്കുകയോ ഒക്കെയായിരിക്കും. പ്രണയം എന്ന നികൃഷ്ടവികാരം അവര്‍ക്കിടയില്‍ ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. കലര്‍പ്പില്ലാത്ത സൌഹൃദവും തികഞ്ഞ സഹോദരസ്നേഹവുമല്ലാതെ മറ്റൊന്നും അവര്‍ക്കിടയിലുണ്ടാകില്ല. മറിച്ച് ആരെങ്കിലും പറഞ്ഞു കേട്ടാല്‍ ഞാനിനി മുതല്‍ നിരുല്‍സാഹപ്പെടുത്തും. കാരണം, ഇനി മുതല്‍ ഞാനാരെയും തെറ്റിദ്ധരിക്കില്ല. ഇതിപ്പോ ഇങ്ങനെ പറയാനെന്താണ് കാരണം എന്നു ചോദിച്ചാല്‍ അത് ഇന്നും ഇന്നലെയുമായി നടന്ന നാല് ആത്മഹത്യകളാണ്. കോട്ടയം-ഇടുക്കി ബോര്‍ഡറായ വാഗമണ്ണിലെ കോലാഹലമേട്ടില്‍ നല്ലൊരു സൂയിസൈഡ് പോയിന്റുണ്ട്. അവിടെ നിന്ന് കഴിഞ്ഞയാഴ്ച ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും എണ്ണൂറടി താഴേയ്ക്കു ചാടി മരിച്ചു- ഠിം. ഒരു പാമ്പാടിക്കാരനും ഒരു പള്ളിക്കത്തോടുകാരിയും. മരിച്ച് കുറെ ദിവസം കഴിഞ്ഞാണ് ബോഡി കിട്ടുന്നത്. പത്രങ്ങളായ പത്രങ്ങളെല്ലാം വാര്‍ത്ത എഴുതി- കമിതാക്കള്‍ ആത്മഹത്യ ചെയ്തു എന്ന്. പ്രണയബദ്ധരായ രണ്ടു ഹൃദയങ്ങള്‍ മറ്റൊരു മാര്‍ഗവും കാണാതെ ആത്മഹത്യ ചെയ്തല്ലോ എന്നു ഞാനും വിചാരിച്ചു. ഇന്നിപ്പോള്‍ ബോഡിയുടെ കൂടെ കിട്ടിയ ആത്മഹത്യാക്കുറിപ്പില്‍ കാര്യം വ്യക്തമായെഴുതിയിട്ടുണ്ട്. തങ്ങള്‍ തമ്മിലുള്ള ബന്ധം സഹപ്രവര്‍ത്തകര്‍ തെറ്റിദ്ധരിച്ചതുമൂലമാണ് ആത്മഹത്യ ചെയ്യുന്നത്രേ. ഇന്നലെ വരെ കമിതാക്കള്‍ എന്നെഴുതിയ പത്രങ്ങള്‍ ആരായി ? അവരെ തെറ്റിദ്ധരിച്ച ഒരിക്കലും നന്നാകാത്ത സമൂഹം ആരായി ?അതൊക്കെ പോട്ടെ, മരിച്ച ചെറുപ്പക്കാരന്റെ ഭാര്യയും കുട്ടിയും ആരായി ? ഇതിപ്പോ ഒരു ഒറ്റപ്പെട്ട തെറ്റിദ്ധാരണയാണെന്നു കരുതാം. പക്ഷെ, ഒരു പാലാക്കാരനും ഷൊര്‍ണൂരുകാരിയും കൂടി ഇന്നലെ ചങ്ങനാശ്ശേരിയില്‍ ആത്മഹത്യ ചെയ്തതും ഇതേ അപകടകരമായ തെറ്റിദ്ധാരണ കാരണമാണ്. ഇരുവരും ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റുമാരാണ്.വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താനെന്ന പേരില്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ചയാണ് ഹോട്ടലില്‍ മുറിയെടുത്തത്. ഇന്നലെ രാവിലെ മുറിയില്‍ നിന്നു പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. സുഹൃത്തുക്കളായിരുന്നെന്നും ആശുപത്രി ജീവനക്കാര്‍ തെറ്റിധരിച്ചതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും സംഭവസ്ഥലത്തുനിന്നു ലഭിച്ച കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെട്ട സ്ത്രീ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് എന്നോര്‍ക്കണം. അപ്പോള്‍ മരിക്കുന്നതിനു മുമ്പ് റൂമിനുള്ളില്‍ രണ്ടു ദിവസം ഇവര്‍ എന്തെടുക്കുകയായിരുന്നു ? ലോകസമാധാനത്തിനു വേണ്ടി പ്രാര്‍ഥിക്കുകയായിരുന്നിരിക്കാം. എന്തു കൊണ്ടാണ് സമൂഹം നല്ലവരായ ആളുകളെ ഇങ്ങനെ തെറ്റിദ്ധരിക്കുന്നത് ? ഇവര്‍ക്കു വേറെ പണിയൊന്നുമില്ലേ ? ആരെങ്കിലും ആരെയെങ്കിലുമൊക്കെ സുഹൃത്തുക്കളോ സഹോദരന്‍മാരോ ആക്കട്ടെ. വെറുതെ തെറ്റിദ്ധരിച്ച് അപവാദം പറഞ്ഞുപരത്തി പേരു ചീത്തയാക്കിയിട്ട് ഇവന്‍മാര്‍ക്കെന്തു കിട്ടാന്‍ ? ഇങ്ങനെ തെറ്റിദ്ധരിച്ചതിന്റെ പേരില്‍ മാത്രം ലോകത്തിന്നു വരെ എത്ര പേര്‍ മരിച്ചു കാണണം ? ആലോചിക്കുമ്പോള്‍ കഷ്ടം തോന്നും. അപ്പോള്‍ സ്വാഭാവികമായും മറ്റൊരു സംശയം തോന്നും. സൌഹൃദം ആരംഭിക്കുമ്പോള്‍ തന്നെ സ്വാഭാവികമായും മറ്റുള്ളവര്‍ തെറ്റിദ്ധരിക്കില്ലേ എന്നാരായാലും ആദ്യം ആലോചിച്ചു നോക്കില്ലേ ? ഇല്ലായിരിക്കുമെന്നു കരുതാം. എല്ലാവരും ആ സൌഹൃദത്തെ തെറ്റിദ്ധരിച്ചു എന്നു വയ്ക്കാം, സുഹൃത്തിനോടൊപ്പം പോയി ചാകുന്നത് കൊണ്ട് പ്രശ്നത്തിന് എന്തു പരിഹാരമാണ് ഉണ്ടാവുന്നത് ? അതും പോട്ടെ, കൂടെച്ചാവാന്‍ ഒരാള്‍ റെഡിയായുള്ളവര്‍ക്ക് ഒരുമിച്ചു ചാവാം. എന്റെ സംശയം, നാലു പേര്‍ തെറ്റിദ്ധരിച്ചു എന്നു പറഞ്ഞ് ആത്മഹത്യ ചെയ്യുമ്പോള്‍ ആ വാര്‍ത്ത പത്രത്തില്‍ വായിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ ശരിയായിട്ടു ധരിക്കുമോ ? മരിച്ചുപോയവരെപ്പറ്റി നല്ലതേ പറയാവൂ എന്നാണ് പ്രമാണം. മരിച്ചവര്‍ എന്തിനു മരിച്ചു എന്നത് മരിച്ചവര്‍ക്കേ അറിയാവൂ. മരിച്ചവരെക്കാള്‍ ജീവിച്ചിരിക്കുന്നവരെക്കുറിച്ചാണ് നമ്മള്‍ ആലോചിക്കേണ്ടത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുക എന്നത് വളരെ പുതിയ ഒരു ട്രെന്‍ഡ് ആണ്. മുമ്പ് സാധാരാണ ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ഒന്നിച്ച് ആത്മഹത്യ ചെയ്യുമ്പോള്‍ ഞങ്ങളുടെ പ്രണയം സഫലമാകില്ല എന്നതിനാല്‍ മരിക്കുന്നു, പരലോകത്ത് നിങ്ങളെയെല്ലാം തോല്‍പിച്ച് ഞങ്ങള്‍ ഡ്യൂയറ്റ് പാടി നടക്കും എന്നുള്ള ആത്മഹത്യാക്കുറിപ്പുകളാണ് കാണാറുള്ളത്. ഇതിപ്പോള്‍ ചെറുപ്പക്കാരനും ചെറുപ്പക്കാരിയും സമാനമായ സാഹചര്യങ്ങളിലാണ് ആത്മഹത്യ ചെയ്യുന്നത്. പക്ഷെ, ആത്മഹത്യക്കുറിപ്പില്‍ ക്രൂരമായ തെറ്റിദ്ധാരണയാണ് കാരണമായി പറയുന്നത്. എന്തുകൊണ്ടാണിത് ? എന്തു കൊണ്ടാണ് വിവാഹിതരായ ചേട്ടനോ ചേച്ചിയോ മറ്റൊരു പുരുഷനെയോ സ്ത്രീയെയോ ആത്മാര്‍ഥ സുഹൃത്തും സഹോദരനുമൊക്കെയായി കാണുന്നത് ? വീട്ടില്‍ സഹോദരന്‍മാരില്ലാത്തതുകൊണ്ടോ അതോ ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ സൌഹൃദം നല്‍കാത്തതുകൊണ്ടോ ? വളരെ സങ്കീര്‍ണമായ ഒരു ചോദ്യമാണ്. സ്വന്തം ഭര്‍ത്താവിനെയോ ഭാര്യയെയോ കൂടാതെ മറ്റൊരു നല്ല സുഹൃത്തിനെയോ സോള്‍മേറ്റിനെയോ പുറത്തു നിന്നു കണ്ടെത്തുന്നത് സ്ത്രീ-പുരുഷഭേദമില്ലാതെ നല്ല പുരോഗതിയുള്ള കൃഷിയാണ്. ഭാര്യയില്‍ നിന്നു സ്നേഹം കിട്ടുന്നില്ല എന്നു കളളക്കാമുകനും ഭര്‍ത്താവ് വെറും മണകുണാഞ്ചനാണെന്ന് കള്ളക്കാമുകിലും ആദ്യമേ പ്രഖ്യാപിക്കുന്നതോടെ അവിഹിതബന്ധത്തിനുള്ള ലൈസന്‍സ് ആയി. എന്നാല്‍, അത് അവിഹിതബന്ധമാണെന്ന് ആരും സമ്മതിക്കുകയുമില്ല. അങ്ങനെ ആരെങ്കിലും ആരോപിക്കുമ്പോള്‍ തങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്നു എന്നു പറയാനാണ് എളുപ്പവും താല്‍പര്യവും. സ്വന്തം ദാമ്പത്യത്തില്‍ പ്രതീക്ഷയില്ലാത്തവര്‍ അതിനുള്ളില്‍ തൂങ്ങിക്കിടന്നുകൊണ്ട് പുതിയ ബന്ധങ്ങളുണ്ടാക്കുന്ന ചീഞ്ഞ പ്രക്രിയയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്നു തോന്നുന്നു. ദാമ്പത്യത്തിന്റെ മറയും സംരക്ഷണവും അതേ സമയം പുറത്തു നിന്നു സ്നേഹവും അനുബന്ധ ആനുകൂല്യങ്ങളും ഒരേസമയം കൈപ്പറ്റണമെന്ന വാശി മലയാളികള്‍ക്കാണ് കൂടുതല്‍. ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യയും വേണം, കാമുകന്‍ അല്ലെങ്കില്‍ കാമുകിയും വേണം. ഒടുവില്‍ നാട്ടുകാര്‍ തെറ്റിദ്ധരിക്കുമ്പോള്‍ കണ്ണീരായി ആശങ്കയായി ആത്മഹത്യയായി. ദാമ്പത്യം തകരാറാണെന്നു തോന്നുന്ന നിമിഷം തന്നെ അത് ശരിപ്പെടുത്തുന്നതിനു പരിശ്രമിക്കാന്‍ ഇവിടെ ആരും ശ്രമിക്കുന്നില്ല. സ്വയം വിധിയുടെ ബലിമൃഗമായി പ്രതിഷ്ഠിച്ച് പുതിയൊരു ബന്ധത്തില്‍ കണ്ണും നട്ടിരിപ്പാണ് പിന്നെ. മുജ്ജന്മബന്ധം എന്നൊക്കെ വിശേഷിപ്പിച്ച് പുതിയൊരു പ്രണയം ആരംഭിച്ചാല്‍ അന്തസ്സോടെ വിവാഹമോചനം നേടി മാന്യമായി ജീവിച്ചാല്‍ ആരും തെറ്റിദ്ധരിക്കില്ലല്ലോ. അത് ഇവിടെ ആര്‍ക്കും ഇഷ്ടമല്ല. വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ ഒരുപാട് സഫര്‍ ചെയ്യുന്ന ഇരയായി ഭാവിക്കുകയും രഹസ്യകാമുകന്റെ (കാമുകിയുടെ) അടുത്ത് യുഗയുഗാന്തരങ്ങളായി ഞാന്‍ നിന്നെ തേടിയലയുകയായിരുന്നു എന്നു പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ ഇത്തരക്കാര്‍ക്ക് എന്തോ ഒരു മാനസികസംതൃപ്തിയുണ്ട്. ഇതിനാണ് ഫ്രോഡ് എന്നു പറയുന്നതെന്ന് തോന്നുന്നു. എന്റെ മക്കളെ ഓര്‍ത്താണ് എല്ലാം ക്ഷമിക്കുന്നതെന്നും മക്കള്‍ക്കു വേണ്ടിയാണ് ജീവിക്കുന്നതെന്നു പറയുകയും ജനം തെറ്റിദ്ധരിച്ചുകഴിഞ്ഞാല്‍ മക്കളെ പുല്ലുപോലെ വലിച്ചെറിഞ്ഞ് കാമുകന്റെ കൂടെപ്പോയി മരിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നതിന്റെ ലോജിക് എന്താണ് ? ഇങ്ങനെ പോയാല്‍ ഇവിടെ ഇനിയും വല്ലതുമൊക്കെ സംഭവിക്കും. ചേരില്ലാത്ത ബന്ധം ചുമന്നുകൊണ്ട് അവിഹിതബന്ധം പരുലര്‍ത്തുമ്പോള്‍ തങ്ങള്‍ നീതികരിക്കപ്പെടുമെന്നും വിവാഹമോചനം നേടി പുതിയൊരു ബന്ധമാരംഭിച്ചാല്‍ ശിക്ഷിക്കപ്പെടുമെന്നും ചിലര്‍ വിശ്വസിക്കുന്നു. അവിഹിതബന്ധങ്ങള്‍ എല്ലാക്കാലവും നിങ്ങളുടെ കൈകള്‍ക്കുള്ളില്‍ രഹസ്യമായിരിക്കും എന്നത് ഇതുവരെ തെറ്റിപ്പോയിട്ടുള്ള ഒരു സങ്കല്‍പമാണ്. ഇന്നല്ലെങ്കില്‍ നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ നിങ്ങളുടെ അച്ഛനും അമ്മയും ഭര്‍ത്താവും (ഭാര്യയും) മക്കളും നാട്ടുകാരും ഒക്കെ അതറിയുക തന്നെ ചെയ്യും. അപ്പോള്‍ എന്തു നിലപാട് സ്വീകരിക്കണം എന്നിപ്പോഴേ തീരുമാനിക്കുക. കാരണം, അപ്പോള്‍ നിങ്ങള്‍ മൂന്നിലൊന്നു തിരഞ്ഞെടുക്കേണ്ടി വരും: ഒന്ന് കുടുംബം, രണ്ട് ജാരന്‍ അല്ലെങ്കില്‍ കള്ളക്കാമുകി, മൂന്ന് ലോകത്ത് നിങ്ങള്‍ക്കു മാത്രം കണ്ടെത്താന്‍ കഴിയുന്ന വിശുദ്ധിയാല്‍ നിറയ്ക്കപ്പെട്ട മരണം. തെറ്റിദ്ധാരണകള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ചത്തുതുലയുന്നതുകൊണ്ട് അതൊന്നും പരിഹരിക്കപ്പെടില്ല. ശവം ചീഞ്ഞുനാറി നാട്ടുകാര്‍ക്കും പോലീസുകാര്‍ക്കും കുറെ ജോലിയുണ്ടാക്കാമെന്നല്ലാതെ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ജീവിതം കുറെക്കാലത്തേക്ക് അസ്വസ്ഥമാക്കാമെന്നല്ലാതെ ഗുണകരമായ ഒരു ഫലവും ഇന്നുവരെ ആത്മഹത്യ ഉണ്ടാക്കിയില്ല. അതുകൊണ്ട് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കും മുമ്പ് ബന്ധങ്ങളെ സ്വയം ശരിയായി ധരിക്കുക. ഐക്യുവും ഇക്യുവുമല്ല അല്‍പം ആര്‍ക്യു (റിലേഷന്‍ഷിപ് ക്വോഷ്യന്റ്) ആണ് ഇപ്പോള്‍ മലയാളികള്‍ക്ക് ആവശ്യം. ഏതു ബന്ധത്തിലേക്കു ചാടും മുമ്പ് നാലു വട്ടം ആലോചിക്കുക. എത്ര കാല്‍പനികമാണെന്ന് സ്വയം അവകാശപ്പെട്ടാലും സത്യം ഒരാഴ്ച പഴകിയ ഡെഡ്ബോഡി പോലെ നാടെങ്ങും നാറും. ദാറ്റ്സ് ഓള്‍
|
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___